കോഴിക്കോട് സ്വദേശിയായ പ്രവാസിയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഒന്നരക്കോടിയോളം നൽകി; ബാക്കി തുകയ്ക്കായി യാചക യാത്രയുമായി ബോചെ
തൃശൂർ: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കാൻ നൽകേണ്ട 34 കോടിയുടെ മോചനദ്രവ്യം സ്വരൂപിക്കാൻ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ രംഗത്ത്.
16നാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് മൂന്ന് മാസത്തേക്കെങ്കിലും നീട്ടിവയ്ക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വഴി സമ്മർദ്ദം ചെലുത്തുമെന്ന് ബോചെ അറിയിച്ചു. നയതന്ത്ര ഇടപെടൽ വഴി പ്രശ്‌നപരിഹാരമുണ്ടാക്കാനാണ് ശ്രമം. പ്രധാനമന്ത്രിയെയും സമീപിച്ചു. ഒന്നരക്കോടിയോളം രൂപ സഹായത്തിന് രൂപീകരിച്ച ട്രസ്റ്റിലേക്ക് ബോചെ ഫാൻസ് ട്രസ്റ്റ് കൈമാറി.
മോചനദ്രവ്യം സ്വരൂപിക്കാൻ ബോചെ യാചകയാത്ര എട്ടിന് രാവിലെ 9 മുതൽ തിരുവനന്തപുരത്ത് നിന്നും തുടങ്ങുമെന്നും അറിയിച്ചു. കാസർകോട് വരെയുള്ള വിവിധ റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലത്തും പൊതുയിടങ്ങളിലും നേരിട്ടെത്തും. ചെറിയ കൈയബദ്ധത്തിന്റെ പേരിലാണ് വധശിക്ഷ വിധിച്ചതെന്നും ബോചെ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ അക്കൗണ്ടിലും വാഹനങ്ങളിലും നൽകിയ ക്യൂ ആർ കോഡ് വഴി തുക സമാഹരിക്കാനാണ് ലക്ഷ്യം. ട്രസ്റ്റ് അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തിക്കുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.