2018ന് ശേഷം ഏഴിരട്ടി വർദ്ധന, പ്രളയം കടലിനു സമ്മാനിച്ചത്  പ്ലാസ്റ്റിക്  ദുരിതമെന്ന് റിപ്പോർട്ട്

Monday 08 April 2024 12:10 AM IST

കൊച്ചി: 2018ലെ പ്രളയത്തിന് ശേഷം കേരളാ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോതിൽ ഏഴിരട്ടി വർദ്ധനയെന്ന് പഠന റിപ്പോർട്ട്. അപകടകരമായ മാലിന്യത്തിന്റെ തോത് ഏറ്റവും ഉയർന്ന സൂചികയായ അഞ്ചിലെത്തി. 2018 മുതൽ 2021 വരെ 300 കിലോമീറ്റർ മേഖലയിൽ നടത്തിയ പഠനത്തിലാണ് 2016നെ അപേക്ഷിച്ച് വർദ്ധന കണ്ടെത്തിയത്. തീരക്കടലിൽ ജലോപരിതലം മുതൽ മണ്ണിനടിയിൽ വരെ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്നും കുഫോസ് പ്രൊഫസർ കെ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥി വി.ജി.നിഖിൽ, കാലിക്കറ്റ് എൻ.ഐ.ടി അസി. പ്രൊഫസർ ജോർജ് കെ. വർഗീസ് എന്നിവർ നടത്തിയ ഗവേഷണത്തിൽ വ്യക്തമായി. കടലിലെത്തുന്ന പ്ലാസ്റ്റിക് പരമാവധി 15 മാസംകൊണ്ട് വിഘടിച്ച് 5 മില്ലീമീറ്ററിൽ താഴെയുള്ള കണങ്ങളായി സൂക്ഷ്മജീവികൾക്ക് ഭീഷണിയാകും.

 പുഴകളിൽ നിന്നെത്തിയ പ്ലാസ്റ്റിക്

പ്ലാസ്റ്റിക്കിൽ 80 ശതമാനവും പുഴകളിൽ നിന്നും മറ്റും ഒഴുകിയെത്തുന്നതാണ്. ഉപേക്ഷിക്കപ്പെട്ട ടയറുകളടക്കം വൻതോതിൽ എത്തുന്നു. മത്സ്യബന്ധന ബോട്ടുകൾ, കപ്പലുകൾ എന്നിവയിൽ നിന്ന് ഉപേക്ഷിക്കുന്ന വലയുടെ അവശിഷ്ടങ്ങൾ, കുപ്പികൾ, കവറുകൾ തുടങ്ങിയവയും വലിയ ഭീഷണിയാണ്. ആമകളടക്കമുള്ള ജലജീവികൾ ഇവയിൽ കുരുങ്ങി ചാകുന്നതായും കണ്ടെത്തി.
കൊവിഡ്കാലത്ത് വൻതോതിൽ മാസ്‌കുകളും ഗ്ലൗസുകളും കടലിലെത്തിയിരുന്നു. കടലിലെത്തുന്ന ഒരു മാസ്‌കിൽ നിന്ന് ഒറ്റദിവസം കൊണ്ട് 1,73,000 മൈക്രോ ഫൈബറുകൾ വ്യാപിക്കുമെന്ന് രാജ്യാന്തര പഠന റിപ്പോർട്ടിലുണ്ടായിരുന്നു.

തീരം വിശാലം

ദുരിതം ഭീകരം
 പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുന്നത് വിശാലമായ തീരദേശമുള്ള കേരളത്തിനു വലിയ ഭീഷണിയാണ്. പ്രളയകാലത്ത് 12,000 ദശലക്ഷം ക്യുബിക് മീറ്ററിലേറെ വെള്ളം അറബിക്കടലിൽ എത്തിയതായാണ് കണക്ക്. കരയിൽ നിന്ന് കുത്തിയൊലിച്ചെത്തിയ പ്ലാസ്റ്റിക് മാലിന്യത്തിലും വൻവർദ്ധനയുണ്ടായി. ടാങ്കറുകളിൽ നിന്ന് ചോരുന്ന എണ്ണയും കടലിലെ ജീവജാലങ്ങൾക്ക് കടുത്തഭീഷണിയാണ്

 കേരളത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 1111 പേർ താമസിക്കുന്നതായാണ് കണക്ക്. ജനസാന്ദ്രത കൂടുന്നത് സ്വാഭാവികമായും മാലിന്യത്തോത് ഉയരാനിടയാക്കും. തോടുകൾ, പുഴകൾ, കായലുകൾ എന്നിവയിലെ മാലിന്യങ്ങൾ ഒടുവിൽ അടിഞ്ഞുകൂടുന്നതും കടലിലാണ്. കേരളത്തിൽ 44 പുഴകളാണുള്ളത്.

വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ രാസഘടനയിലെ വ്യത്യാസം വിഘടിക്കാനുള്ള കാലയളവിനെ ബാധിക്കും. ഇവയിൽ ചേർക്കുന്ന നിറങ്ങളും അപകടകാരികളാണ്. മത്സ്യങ്ങളിലടക്കം പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തി. .

പ്രൊഫ. കെ. രഞ്ജിത്ത്

Advertisement
Advertisement