ഏറെ ഗുണം ചെയ്യുന്നത് പ്രവാസികൾക്ക്,​ പുതിയ പരിഷ്കാരം ഏർപ്പെടുത്തി സൗദി അറേബ്യ

Sunday 07 April 2024 7:41 PM IST

റിയാദ് : ഗൾഫ് രാജ്യങ്ങളിൽ ജോലി തേടുമ്പോൾ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തൊഴിൽ ഉടമയും തൊഴിലാളികളും തമ്മിലുള്ള കരാറിലാണ്. ഇപ്പോഴിതാ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്താൻ ഗാർഹിക തൊഴിൽ നിയമങ്ങളിൽ പരിഷ്കരണം ഏർപ്പെടുത്തുകയാണ് സൗദി അറേബ്യ. രണ്ടുപേരുടെയും അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് സൗദി മാനവ വിഭവശേഷി മന്ത്രാലയം പുതിയ പരിഷ്കാരം നടപ്പാക്കുന്നത്,​

പുതിയ നിയമഭേദഗതി പ്രകാരം തൊഴിലിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് സൗദി വിടാൻ രണ്ടുമാസത്തെ സാവകാശം അനുവദിക്കും. കൂടാതെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനും കഴിയും. നിർദ്ദിഷ്ട ചട്ടങ്ങൾക്ക് അനുസൃതമായി എല്ലാ വിഭാഗം ഗാർഹിക തൊഴിലാളികൾക്കും ഇത് ബാധകമാണ്. തൊഴിൽദാതാവ് രാജ്യത്ത് എത്തി രണ്ട് വർഷത്തിനുള്ളിൽ കരാർ അവസാനിപ്പിക്കുകയാണെങ്കിൽ 60 ദിവസത്തിനകം തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസയിൽ പോകേണ്ടി വരും. അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ രാജ്യത്തെ റസിഡൻസ്,​ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണക്കാക്കും.

അതേസമയം രാജ്യത്ത് എത്തി രണ്ട് വർഷത്തിന് ശേഷം ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും കരാർ അവസാനിപ്പിക്കുകയുമാണെങ്കിൽ വീട്ടുജോലിക്കാരന് ഫൈനൽ എക്സിറ്റ് വിസയിൽ പോകാനോ 60 ദിവസത്തിനുള്ളിൽ പുതിയ തൊഴിലുടമയിലേക്ക് മാറാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും. നാല് മാസത്തിനുള്ളിൽ പുതിയ പരിഷ്കാരം നടപ്പാക്കാനാണ് തീരുമാനം. വീട്ടുജോലിക്കാർ,​ ഡ്രൈവർമാർ,​ ശുചീകരണത്തൊഴിലാളികൾ,​ പാചകക്കാർ,​ ഗാർഡുകൾ,​ കർഷകർ,​ ഹോം നഴ്സുമാർ,​ ട്യൂട്ടർമാർ,​ നാനിമാർ എന്നിവരാണ് സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളിൽപ്പെടുന്നത്. കരാർ നടപടികൾ രാജ്യത്തെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ മുസാനെഡ് വഴി ആക്കിയിട്ടുണ്ട്.

.