ഞായറാഴ്ചയും വിശ്രമിക്കാതെ സ്ഥാനാർത്ഥികൾ

Monday 08 April 2024 12:31 AM IST

കൊച്ചി: ഞായറാഴ്‌ചയും കൊടുംചൂടും ചാലക്കുടിയിലെ സ്ഥാനാർത്ഥികളെ തളർത്തുന്നില്ല. ജനങ്ങളെ നേരിൽക്കാണാൻ പര്യടനം തുടരുകയാണ് സ്ഥാനാർത്ഥികൾ. ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പ്രചാരണയോഗങ്ങൾക്കും തുടക്കമായി. പ്രാദേശികവിഷയങ്ങളും പ്രചാരണത്തിന് കൊഴുപ്പുകൂട്ടുന്നുണ്ട്.

സി. രവീന്ദ്രനാഥ് പൊതുപര്യടനത്തിൽ

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് ആലുവ നിയമസഭാ മണ്ഡലത്തിലെ കാഞ്ഞൂർ, ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിൽ പൊതുപര്യടനം നടത്തി. പൂക്കളും പഴങ്ങളും പുസ്തകങ്ങളും സമ്മാനിച്ചാണ് അദ്ദേഹത്തെ ഓരോകേന്ദ്രത്തിലും വോട്ടർമാർ വരവേറ്റത്. അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് നവചാലക്കുടിയെന്ന വികസിതനാട് അദ്ദേഹം വാഗ്ദാനം ചെയ്തു. നാൽപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.

സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. അഷറഫ്, സി.പി..എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ സലിംകുമാർ, എൻ.സി ഉഷാകുമാരി, ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി തുടങ്ങിയർ പങ്കെടുത്തു.

വ്യക്തിബന്ധങ്ങൾ പുതുക്കി ബെന്നി ബഹനാൻ
നാട്ടുകാരുടെ സങ്കടങ്ങളറിഞ്ഞായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ പര്യടനം. വികസനത്തുടർച്ചയ്ക്ക് അദ്ദേഹം വോട്ടുകൾ തേടി. നാട് നൽകുന്ന പ്രതീക്ഷകളാണ് യു.ഡി.എഫിന്റെ ആധിപത്യം ഉറപ്പിക്കുന്നതെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

സങ്കടങ്ങൾ പറഞ്ഞെത്തുന്ന വോട്ടർമാരെ സമാധാനിപ്പിക്കാനും ആവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും നൽകിയാണ് യാത്ര. മഞ്ഞപ്ര, മലയാറ്റൂർ, ചാലക്കുടി പ്രദേശങ്ങളിൽ വ്യക്തിപരമായ രീതിയിൽ വോട്ട് അഭ്യർത്ഥിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.

ഇന്ന് സ്ഥാനാർത്ഥിയുടെ പര്യടനം കാലടി പഞ്ചായത്തിലെ യോർദ്ദനാപുരം ഡിപ്പോ കവലയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ മുത്തലിബ് നിർവഹിക്കും.

കെ.എ. ഉണ്ണിക്കൃഷ്ണൻ ചടങ്ങുകളിൽ

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു. കൊടകര പുത്തുക്കാവ് ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സത്തിൽ പങ്കെടുത്തു. ചാലക്കുടി ഗായത്രി ആശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസി​ഡന്റ് സ്വാമി സച്ചിദാനന്ദയെ സന്ദർശിച്ചു. എസ്.എൻ.ഡി.പിയോഗം അങ്കമാലി​ ശാഖയുടെ പ്രതിഷ്ഠാവാർഷികം ശാഖാ മന്ദിരത്തിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്, കൊടകര സൗത്ത് മേഖല പ്രസിഡന്റ് കെ.പി​. ചൗധരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇന്ന് ചാലക്കുടി മേഖലയിൽ വോട്ട് അഭ്യർത്ഥിക്കും

ശക്തികേന്ദ്രത്തിൽ ചാർളി പോൾ
ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി ചാർളി പോൾ പാർട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടി​ലൂടെയാണ് പര്യടനം നടത്തിയത്. വാഴക്കുളം പഞ്ചായത്തിലെ പാലക്കാട്ടുതാഴത്ത് ആരംഭിച്ച പര്യടനം പഴങ്ങനാട്ടാണ് സമാപിച്ചത്. വിവിധ പ്രദേശങ്ങളിൽ പാർട്ടി പ്രവർത്തകർ സ്വീകരണം നൽകി.

കിഴക്കമ്പലം, മാറംപള്ളി, വാഴക്കുളം, ചെമ്പറക്കി, പുക്കാട്ടുപടി, മുറിവിലങ്ങ്. കാവുങ്ങൽ പറമ്പ്, കുമ്മനോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

Advertisement
Advertisement