നീതി മിഴിതുറന്നു, അനിത ജോലിയിൽ പ്രവേശിച്ചു

Monday 08 April 2024 12:00 AM IST
പി.ബി അനിത കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരിൽ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി.അനിത തിരികെ ജോലിയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ പത്തരയോടെ അതിജീവിതയ്‌ക്കൊപ്പമെത്തിയ അനിത മാതൃശിശു സംരക്ഷണ കേന്ദ്രം നഴ്സിംഗ് സൂപ്രണ്ട് സോണിയ ജേക്കബിന് മുമ്പാകെയാണ് ഹാജർ രേഖപ്പെടുത്തിയത്. ഞായറാഴ്ച അവധി ആയതിനാൽ പ്രിൻസിപ്പലിന്റെ ഓഫീസ് ഇതിനുവേണ്ടിമാത്രം തുറക്കുകയായിരുന്നു.

ഹെെക്കോടതി ഉത്തരവ് ഉണ്ടായിട്ടും അനിതയ്ക്ക് ജോലി നിഷേധിച്ചത് സർക്കാരിന് തിരിച്ചടിയാകുമെന്ന നിലവന്നതോടെ മിന്നൽവേഗത്തിൽ ശനിയാഴ്ച രാത്രി കോഴിക്കോട് തന്നെ നിയമനം നൽകിക്കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറയുമ്പോഴും ഭരണാനുകൂല സംഘടനകളിലെ കുബുദ്ധികളിൽ നിന്ന് ഭീഷണി നേരിടുമോ എന്ന ആശങ്കയുണ്ട്.

''നിയമന ഉത്തരവ് വൈകിയതിൽ അതൃപ്തിയുണ്ട്. സർക്കാരിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയുമായി മുമ്പോട്ട് പോകും. കോടതിയിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. ഇതുവരെ പൊരുതിനിന്നു. ആറു വർഷം സർവീസുണ്ട്. അതും പൊരുതി നിൽക്കും.' തന്നെ ഭീഷണിപ്പെടുത്തിയ എൻ.‌ജി.ഒ യൂണിയൻ നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്നും അനിത പറഞ്ഞു.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഐ.സി.യുവിൽ പ്രവേശിപ്പിച്ച യുവതിയെ 2023 മാർച്ച് 18 നാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതി പിൻവലിക്കാൻ ആശുപത്രിയിലെ അഞ്ചു ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യവകുപ്പിനെ സമീപിച്ചു. അഞ്ചുപേർ ആരെന്ന് റിപ്പോർട്ട് ചെയ്തത് അനിതയായിരുന്നു. എന്നാൽ, സൂപ്പർവൈസറി ലാപ്‌സ് ഉണ്ടായെന്ന ഡി.എം.ഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റുകയാണുണ്ടായത്.

ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് നേടിയിട്ടും തിരികെ നിയമനംനൽകാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചു. ഇതോടെ അനിത സമരവുമായി രംഗത്തെത്തി. അതിജീവിതയും സമരത്തെ പിന്തുണച്ചതോടെ വിഷയം കൂടുതൽ വിവാദമാകുകയായിരുന്നു. അതിനിടെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യത്തിൽ സർക്കാരിന് സുപ്രീംകോടതിയുടെ കടുത്ത താക്കീതും നേരിടേണ്ടിവന്നു.

ആരോഗ്യമന്ത്രി ദ്രോഹിച്ചു: അതിജീവിത

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തനിക്കൊപ്പമാണെന്ന് പറയുന്നതല്ലാതെ നീതി ഉറപ്പാക്കാൻ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് അതിജീവിത പറഞ്ഞു. എന്നെ ദ്രോഹിക്കുക മാത്രമാണ് ചെയ്യുന്നത്. സംരക്ഷിച്ച അനിത സിസ്റ്റർക്ക് ജോലി നിഷേധിച്ചു. അവർ ഒരു തെറ്റും ചെയ്തിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ. അനിത സിസ്റ്റർക്ക് ഇനിയും നീതി നിഷേധിക്കുകയാണെങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകും.

Advertisement
Advertisement