തുമ്പിക്കൈ ഇല്ലെങ്കിലെന്താ, ചാരെ അമ്മയുണ്ടല്ലോ !

Monday 08 April 2024 12:00 AM IST
തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി, പുഴയിൽ നിന്നും വെള്ളം കുടിക്കുന്നു , ചിത്രമെടുത്തത് പി.എ.ഫൈസൽ, അന്നമനട

ചാലക്കുടി: ആനയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്. തുമ്പിക്കൈ ഇല്ലെങ്കിലും ഒന്നരവയസുകാരന് അതിജീവനത്തിന്റെ പാഠങ്ങൾ പകർന്നു നൽകുകയാണ് അമ്മയാനയും സംഘവും. വായയുടെ താഴെ വച്ച് തുമ്പിക്കൈ നഷ്ടപ്പെട്ട നിലയിൽ ഒരു വർഷം മുമ്പ് കുട്ടിയാനയെ ആളുകൾ കണ്ടെത്തിയത് വാർത്തയായിരുന്നു.

തീറ്റയെടുക്കലും വെള്ളം കുടിയുമെല്ലാം എങ്ങനെ എന്നത് ആനപ്രേമികളുടെ മനസിൽ ചോദ്യച്ചിഹ്നമായി. വനപാലകരും ആശങ്കപ്പെട്ടു. ഏതാനും ദിവസം നിരീക്ഷിച്ച ഡി.എഫ്.ഒ ആർ.ലക്ഷ്‌മി, ആനക്കുട്ടി സ്വാഭാവിക ജീവിതത്തിലെത്തുമെന്ന് പറഞ്ഞിരുന്നു. ഇടയ്ക്ക് പുല്ലു തിന്നുന്നത് ചിലരെല്ലാം കണ്ടു. ഇപ്പോൾ അമ്മയുടെ കൂടെ പുഴയിൽ നിന്ന് വെള്ളം കുടിക്കുന്നതും. കൂട്ടായി മറ്റ് ആനകളുമുണ്ട്. ജീവിത പ്രതിസന്ധികളെ അതിജീവിച്ച കുട്ടിയാന തുമ്പിക്കൈ ഇല്ലാതെ വെള്ളം കുടിക്കുന്ന കാഴ്ച ആർദ്രമായി. 2022 ജനുവരിയിൽ ഏഴാറ്റുമുഖം മേഖലയിൽ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടത്. വൈകല്യമുള്ള കുട്ടിയെ കൂട്ടത്തിൽ നിന്ന് പുറത്താക്കിയെന്ന് സംശയമുണ്ടായിരുന്നു. ആശങ്ക അസ്ഥാനത്താണെന്ന് തെളിഞ്ഞു. ഇപ്പോൾ മിക്ക ദിവസങ്ങളിലും തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന ഏഴാറ്റുമുഖത്തുണ്ട്, അതിജീവനത്തിന്റെ മാതൃകയായി.