നാല് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാദ്ധ്യത, ചൂടിന് ആശ്വാസമായി ശക്തമായ കാറ്റുണ്ടാകുമെന്നും പ്രവചനം

Sunday 07 April 2024 10:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാദ്ധ്യത.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച 10 ജില്ലകള്‍ക്കും ചൊവ്വാഴ്ച 14 ജില്ലകള്‍ക്കും ബുധനാഴ്ച 6 ജില്ലകള്‍ക്കുമാണ് മഴ ബാധകം.

തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടല്‍ക്ഷോഭവും ഉണ്ടാകുമെന്നും പ്രവചനത്തില്‍ പറയുന്നു.

അതേസമയം സംസ്ഥാനത്ത് വേനല്‍ ശക്തമായ രീതിയില്‍ തുടരുന്നുണ്ട്. കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പകല്‍ സമയത്ത് പുറത്ത് പോകുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വേനല്‍ മഴ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എല്‍ നിനോ പ്രതിഭാസമാണ് മഴ കുറയുന്നതിനും കനത്ത ചൂട് അനുഭവപ്പെടുന്നതിനും കാരണം.

Advertisement
Advertisement