ഗോകുലത്തിന് വിജയം

Monday 08 April 2024 12:35 AM IST

ഷില്ലോംഗ് : ഐ ലീഗിൽ ഇന്നലെ നടന്ന തങ്ങളുടെ സീസണിലെ 23-ാമത്തെ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മണിപ്പൂരി ക്ളബ് നെരോക്ക എഫ്.സിയെയാണ് ഗോകുലം കീഴടക്കിയത്. 44-ാം മിനിട്ടിൽ കോമറോൺ തഴ്സനോവ് നേടിയ ഗോളിന് ഗോകുലം മുന്നിലായിരുന്നു. രണ്ടാം പകുതിയുട‌െ ഇൻജുറി ടൈമിൽ അലക്സ് സാഞ്ചസാണ് രണ്ട് ഗോളുകൾ കൂടി നേടിയത്.

സീസണിലെ 23 മത്സരങ്ങളിൽ ഗോകുലത്തിന്റെ 11-ാമത് വിജയമാണിത്. ആറുവീതം തോൽവിയും സമനിലയും വഴങ്ങിയ ഗോകുലം 39 പോയിന്റുമായി പട്ടികയിൽ അഞ്ചാമതാണ്. അടുത്ത വെള്ളിയാഴ്ച ട്രാവു എഫ്.സിയുമായാണ് ഗോകുലത്തിന്റെ അവസാന മത്സരം.

ഐ ലീഗിൽ മൊഹമ്മദൻസ് ചാമ്പ്യൻസ്

ന്യൂഡൽഹി : സീസണിൽ ഒരു മത്സരം ബാക്കി നിൽക്കേ ചരിത്രത്തിലാദ്യമായി ഐ ലീഗ് കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്താ ക്ളബ് മൊഹമ്മദൻസ് എഫ്. 23 മത്സരങ്ങളിൽ 15 വിജയങ്ങളും 7 സമനിലകളും ഒരു തോൽവിയുമായി 52 പോയിന്റ് നേടിയാണ് മൊഹമ്മദൻസ് കിരീടം ഉറപ്പിച്ചത്. ഇതോടെ അടുത്ത സീസണിൽ ഐ.എസ്.എല്ലിൽ കളിക്കാനും യോഗ്യത നേടി. കഴിഞ്ഞ രാത്രി ഷില്ലോംഗ് ലാജോംഗിനെ 2-1ന് തോൽപ്പിച്ചതോടെയാണ് കിരീടമുറപ്പായത്. രണ്ടാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് 22 മത്സരങ്ങളിൽ നിന്ന് 44 പോയിന്റേയുള്ളൂ. ഇനിയുള്ള രണ്ട് കളിയിലും ജയിച്ചാലും ശ്രീനിധിക്ക് മൊഹമ്മദൻസിനെ മറിക‌ടക്കാനാവില്ല.

അടച്ചുപൂട്ടലിൽ നിന്ന്
ഐ.എസ്.എല്ലിലേക്ക്

ന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രം പറയുമ്പോൾ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം നിൽക്കുന്ന ഫുട്‌ബോൾ ക്ലബ്ബാണ് മൊഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബ്. 1887-ൽ ജൂബിലി ക്ലബ്ബായി തുടങ്ങി 1891-ൽ മൊഹമ്മദൻസ് എന്ന് പേരുമാറ്റി 133 വർഷത്തെ ചരിത്രം കൈയാളുന്ന ആരാധകരുടെ സ്വന്തം ബ്ലാക്ക് പാന്തേഴ്‌സ്, ഐ.എസ്.എലിന്റെ കളിത്തട്ടിലേക്കെത്തുന്നു.

റഷ്യക്കാരനായ ആന്ദ്രേ ചെർനിഷോവ് പരിശീലിപ്പിക്കുന്ന ടീം ആദ്യ ഐ ലീഗ് കിരീടനേട്ടത്തിന്റെ ആഹ്ളാദത്തിലാണിപ്പോൾ. ഐ ലീഗ് ജേതാക്കളായതോടെ അടുത്തസീസണിൽ ടീം ഐ.എസ്.എലിൽ കളിക്കും. 1990-കൾക്കു ശേഷം പിന്നാക്കം പോകുകയും ഒരു പതിറ്റാണ്ടു മുമ്പ് കടക്കെണി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും ചെയ്ത ക്ലബ്ബിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ കിരീടം.

രണ്ടുതവണ ഫെഡറേഷൻ കപ്പും 14 തവണ കൽക്കട്ട ഫുട്ബോൾ ലീഗും രണ്ടുവട്ടം ഡ്യൂറാൻഡ് കപ്പും ആറുതവണ ഐ.എഫ്.എ. ഷീൽഡും ആറുതവണ റോവേഴ്‌സ് കപ്പും നാലുതവണ സേട്ട് നാഗ്ജി ട്രോഫിയും നേടിയ മൊഹമ്മദൻസിന് ഐ ലീഗ് കിരീടത്തിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു.

13 ഗോളുമായി ലീഗിലെ ഗോൾവേട്ടക്കാരിൽ നാലാംസ്ഥാനത്തുള്ള ഹോണ്ടുറാസ് താരം എഡ്ഡി ഗബ്രിയേൽ ഹെർണാണ്ടസാണ് ഈ സീസണിൽ കൊൽക്കത്തൻ ക്ലബ്ബിന്റെ മുന്നേറ്റത്തിന് ചുക്കാൻപിടിച്ചത്. മുൻ ഡിഫൻഡറായിരുന്ന ആന്ദ്രേ ചെർനിഷോവിന്റെ പ്രതിരോധതന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. 22 മത്സരങ്ങളിൽ തോറ്റത് ഒന്നിൽമാത്രം. 41 ഗോളുകൾ എതിരാളികളുടെ വലയിലെത്തിച്ചപ്പോൾ വഴങ്ങിയത് 18 എണ്ണവും.

ജോസഫ് അഡേക്കും സോഡിങ്‌ലിയാന റാൽതെക്കുമൊപ്പം വളാഞ്ചേരിക്കാരൻ മുഹമ്മദ് ജാസിമും തിരൂരുകാരൻ മുഹമ്മദ് ഇർഷാദും നേതൃത്വം നൽകുന്ന മുഹമ്മദൻസ് പ്രതിരോധം ഉറച്ചുനിന്നതോടെ എതിരാളികൾ കഷ്ടപ്പെട്ടു. അലക്‌സിസ് ഗോമസിനും ബെനെസ്ടൺ ബാരെറ്റോക്കും ബികാഷ് സിങ് സഗോൽസെമിനും ഡേവിഡ് ലാൽഹാൽസംഗയ്ക്കുമൊപ്പം മിഡ്ഫീൽഡ് ജനറൽ ഉസ്‌ബെക്കിസ്താൻ താരം മിർജാലോൽ കാഷിമോവ് കൂടിയെത്തിയതോടെ ടീമിന്റെ കരുത്ത് ഇരട്ടിയായി മാറി.

Advertisement
Advertisement