സംസ്ഥാനം ലോഡ്‌ ഷെഡിംഗിലേക്ക് പോയാൽ പലരുടേയും വീട്ടിലെ പുതിയ അതിഥിയായിരിക്കും കാരണം

Monday 08 April 2024 11:17 AM IST

തിരുവനന്തപുരം: എട്ടുവർഷത്തിനുശേഷം വീണ്ടും അനുഭവപ്പെട്ട എൽനിനോ പ്രതിഭാസത്തിൽ കേരളം വെന്തുരുകുന്നു.വ്യാഴാഴ്ച വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ വൈകിട്ട് ലഭിക്കുന്ന ഒറ്റപ്പെട്ട മഴ ചെറിയ ആശ്വാസം പകരും.

2016ലെ എൽനിനോ പ്രതിഭാസത്തിൽ ചൂട് 41.9ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. സമാനമായി, പാലക്കാട്ട് 41ഡിഗ്രി കടന്നു. കൊല്ലത്ത് 40 വരെ എത്തിയേക്കാം. തൃശൂരിൽ 39 വരെയാകാം. കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി പ്രതീക്ഷിക്കുന്നു. എറണാകുളത്തും ആലപ്പുഴയിലും 37എത്തും. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയാകും.

പാലക്കാട്ട് ഉഷ്ണതരംഗം

1.പാലക്കാട് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം. മറ്റൊരു ജില്ലയിൽ കൂടി ഈ അവസ്ഥ ഉണ്ടായാൽ സംസ്ഥാനത്ത് ഔദ്യോഗികമായി ഉഷ്ണതരംഗം പ്രഖ്യാപിക്കും. സമതലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസാണ് ഇതിനുള്ള മാനദണ്ഡം.മൂന്ന് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് പാലക്കാട്ടെ ചൂട്.

2016ലാണ് ആദ്യമായി ഉഷ്‌ണതരംഗം അനുഭവപ്പെട്ടത്.

2. സമുദ്രോപരിതലത്തിലെ താപനില കൂടുന്ന അവസ്ഥയാണ് എൽനിനോ.ഇത് അന്തരീക്ഷത്തെ ചൂടാക്കും. അറബിക്കടലിലെ എൽനിനോയാണ് കേരളത്തെ ബാധിച്ചിരിക്കുന്നത്. ചൂടിന്റെയും കാറ്റിന്റെയും മഴയുടെയും ഗതിയും ദിശയും ഇതിന്റെ വലയത്തിലാവും.

ശനിയാഴ്ച 41.5 ഡിഗ്രി

ഈ വർഷത്തെ റെക്കാഡ് ചൂട് 41.5ഡിഗ്രി സെൽഷ്യസ് ശനിയാഴ്ച പാലക്കാട് രേഖപ്പെടുത്തി. 2016ൽ 41.9 രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ 40.7 ( ബ്രാക്കറ്റിൽ ശനിയാഴ്ചത്തേത്)

പാലക്കാട് 40.7 (41.5)

പുനലൂർ 38.4 (39.6)

കോഴിക്കോട് 37.6 (37.6)

തിരുവനന്തപുരം 35.0 (35.6)

ഇന്നു മുതൽ വൈകിട്ട് മഴയുണ്ടാകും. ഈ മാസം പകൽ സമയത്തെ ചൂട് ഇനിയും ഉയരും. -ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ് മെമ്പർ സെക്രട്ടറി, ദുരന്ത നിവാരണ നിവാരണ അതോറിട്ടി.

റെക്കാർഡിട്ട് വൈദ്യുതി ഉപഭോഗം

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ശനിയാഴ്ച 108.22 ദശലക്ഷം യൂണിറ്റായി. ശനിയാഴ്ച വൈകിട്ട് ആറ് മുതൽ 10 വരെ വേണ്ടിവന്നത് 5364 മെഗാവാട്ട് വൈദ്യുതി. ഒരാഴ്ചയായി പ്രതിദിന വൈദ്യുതി ഉപഭോഗം 100ദശലക്ഷം യൂണിറ്റിനു മുകളിൽ. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് നിലവിലെ സ്ഥിതിയെ സംസ്ഥാനം നേരിടുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ലോഡ്ഷെ‌ഡിംഗ് പോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഉടനുണ്ടാകില്ല.

ഇലക്ട്രിക് വാഹനങ്ങൾ ഇരുട്ടിലാക്കുന്നു
വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നത് ട്രാൻസ്‌ഫോർമറുകളുടെ ലോഡ് കൂടി ഫ്യൂസ് പോകുന്നതിന് കാരണമാകുന്നതായും ഒരു പ്രദേശമാകെ ഇരുട്ടിലാകുന്നുവെന്നും കെ.എസ്.ഇ.ബി. അതിനാൽ വൈദ്യുതി വാഹനങ്ങൾ രാത്രി 12ന് ശേഷമോ പകൽ സമയത്തോ ചാർജ്ജ് ചെയ്യണം. വൈകിട്ട് 6 മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്യണം.

Advertisement
Advertisement