കരുവന്നൂരിൽ പിടിവിടാതെ ഇ ഡി, സിപിഎം നേതാക്കളെ ചോദ്യം ചെയ്തത് എട്ടരമണിക്കൂർ, വീണ്ടും ഹാജരാകാൻ നിർദ്ദേശം
കൊച്ചി: കരുവന്നൂർ കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.. വർഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് രാവിലെ 11 മുതൽ രാത്രി ഏഴുവരെ ചോദ്യം ചെയ്ത ശേഷമാണ് ഇരുവരെയും ഇ.ഡി വിട്ടയച്ചത്. സി.പി.എമ്മിന്റെ തൃശൂരിലെ സ്വത്തുവിവരങ്ങളും ആസ്തിയും സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ എം.എം. വർഗീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശം നൽകി. പി.കെ. ബിജുവിന് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. .
ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുമെന്ന് വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കരുവന്നൂരിലും മറ്റു ബാങ്കുകളിലും സി.പി.എമ്മിനുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും വർഗീസിനോട് ചോദിച്ചു. ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ബാങ്ക് ഒഫ് ഇന്ത്യയുടെ തൃശൂർ ബ്രാഞ്ചിൽ നാല് അക്കൗണ്ടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആസ്തിവിവരങ്ങൾ ആവശ്യപ്പെട്ടത്.
കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്കുമാർ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പി.കെ. ബിജുവിനോട് ചോദിച്ചത്. സതീഷ്കുമാറുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ചോദിച്ചു. തട്ടിപ്പിൽ ബിജുവിന്റെ നേതൃത്വത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ചും ചോദ്യമുണ്ടായി. പാർട്ടിയുടെ ലോക്കൽ കമ്മിറ്റികളുടെ അക്കൗണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തനിക്കറിയില്ലെന്നാണ് ചോദ്യം ചെയ്യലിന് മുമ്പ് എം.എം. വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആറാം തവണയാണ് വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തത്. പി.കെ. ബിജുവിനെ രണ്ടു തവണ ചോദ്യം ചെയ്തു.