റെക്കാഡ്​ ​മു​ന്നേ​റ്റം​ ​തു​ട​ർ​ന്ന് ​സ്വ​ർ​ണവില

Tuesday 09 April 2024 12:25 AM IST

പവൻ വില 52,520 രൂപയിലെത്തി

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സ്വർണ വില കേരളത്തിൽ ഇന്നലെ പവൻ വില 240 രൂപ ഉയർന്ന് 52,520 രൂപയിലെത്തി പുതിയ റെക്കാഡിട്ടു. ഗ്രാമിന്റെ വില 30 രൂപ വർദ്ധിച്ച് 6,565 രൂപയിലെത്തി. അമേരിക്കയിൽ ഡോളറിന്റെയും കടപ്പത്രങ്ങളുടെയും മൂല്യം കുതിച്ചുയർന്നുവെങ്കിലും നിക്ഷേപകർ മികച്ച വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,353 ഡോളറിലേക്ക് ഉയർന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും റഷ്യയും ഉക്രെയിനുമായുള്ള തീവ്രയുദ്ധവും നിക്ഷേപകരിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

അമേരിക്കയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ പലിശ തിരക്കിട്ട് കുറയ്ക്കേണ്ടതില്ലെന്നാണ് ധനകാര്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായതിനാൽ നാണയപ്പെരുപ്പം വീണ്ടും മുകളിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. അതിനാൽ അടുത്ത ധന അവലോകന നയത്തിൽ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് ഉയർത്താൻ നിർബന്ധിതരായേക്കുമെന്നും അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ ഏഴാം ദിവസമാണ് സ്വർണ വില നേട്ടത്തോടെ വ്യാപാരം നടത്തുന്നത്.

കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങികൂട്ടുന്നു

സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ഏഷ്യയിലെ വിവിധ കേന്ദ്ര ബാങ്കുകൾ വൻ തോതിൽ സ്വർണം വാങ്ങികൂട്ടുന്നു. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ സ്വർണത്തിന്റെ വാങ്ങൽ ശക്തമാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈനയുടെ സ്വർണ ശേഖരം മാർച്ചിൽ 7.27 കോടി ട്രോയി ഔൺസായാണ് ഉയർന്നത്.

ഓഹരികളും റെക്കാഡ് ഉയരത്തിൽ

വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തിൽ ഇന്ത്യൻ ഓഹരികൾ ഇന്നലെ പുതിയ റെക്കാഡ് ഉയരങ്ങളിലേക്ക് നീങ്ങി. ആഗോള മേഖലയിലെ അനുകൂല ചലനങ്ങളാണ് വിപണിക്ക് കരുത്ത് പകർന്നത്. ബാങ്കിംഗ്, ധനകാര്യ, ഓട്ടോ, വാഹന വിപണികളിലെ ഓഹരികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. ബോംബെ ഓഹരി സൂചിക 494.28 പോയിന്റ് ഉയർന്ന് 74,742.50ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചിക 152.60 നേട്ടത്തോടെ 22,666.30ൽ വ്യാപാരം പൂർത്തിയാക്കി.

Advertisement
Advertisement