ബി​ഷപ്പ് ജെറോം നഗർ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെ (ഡെക്ക്) അന്തി​ മയങ്ങി​യാൽ കൂരി​രുട്ട്

Tuesday 09 April 2024 12:20 AM IST

തെരുവ് വി​ളക്കുകൾ കണ്ണടച്ചി​ട്ട് 3 ദിവസം

കൊല്ലം: ബി​ഷപ്പ് ജെറോം നഗർ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള പത്തോളം തെരുവ് വി​ളക്കുകൾ മി​ഴി​യടച്ചതോടെ നഗരം ഇരുട്ടി​ലായി​. കഴിഞ്ഞ ദിവസം മുതലാണ് ഈ ഭാഗത്തെ വിളക്കുകൾ പ്രകാശിക്കാതായത്. കോർപ്പറേഷന്റെ അധീനതയിലുള്ളതാണി​വ.

ചിന്നക്കട ബസ്‌ബേ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള ഭാഗം നഗരത്തിലെ ഏറെ തിരക്കേറിയ ഇടമാണ്. രാത്രിയിൽ ജോലികഴിഞ്ഞ് വരുന്ന സ്ത്രീകളും ട്യൂഷനും മറ്റും കഴിഞ്ഞെത്തുന്ന കുട്ടികളും ഇതുവഴിയാണ് കോൺവെന്റ് ജംഗ്ഷനിലേക്കും ചിന്നക്കടയിലേക്കും പോകുന്നത്. റംസാൻ- വിഷുക്കാലമായതിനാൽ വസ്ത്ര വ്യാപാരശാലകളിൽ ജോലിചെയ്യുന്ന സ്ത്രീകളിൽ പലരും രാത്രി​ 8.30ന് ശേഷമാണ് ജോലികഴിഞ്ഞ് ഇറങ്ങുന്നത്. ഇരുട്ട് മൂടി​യതോടെ തെരുവ് നായ്ക്കളെയും സാമൂഹ്യ വി​രുദ്ധരെയും ഭയന്ന് റോഡി​ൽ ബസ് കാത്തുനി​ൽക്കേണ്ട അവസ്ഥയാണ്. നന്നാക്കുന്ന തെരുവ് വിളക്കുകൾ ദിവസങ്ങൾക്കകം വീണ്ടും കേടാകുന്നതാണ് പതി​വെന്നും യാത്രക്കാർ പറയുന്നു.

ഇരുട്ട് വീണ വഴിയിലൂടെ കോൺവെന്റ് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിലെത്തുന്ന സ്ത്രീകൾ അവിടെയും ഇരുട്ടിൽ തന്നെ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. കോൺവെന്റ് ജംഗ്ഷനിലെ രണ്ട് ബസ് സ്‌റ്റോപ്പുകളുടെയും അവസ്ഥ സമാനമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പൊലീസിന്റെ സേവനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കി​ലും രാത്രി​ എട്ട് കഴിഞ്ഞാൽ പിങ്ക് പൊലീസിനെ മഷിയിട്ട് നോക്കിയാൽ പോലും ഈ പരിസരത്ത് കാണാനാകില്ല.

സി​.സി​.ടി​.വി​യുമി​ല്ല

രാത്രി സ്‌റ്റോപ്പിലെത്തുന്ന സ്ത്രീകളെ ശല്ല്യം ചെയ്യുന്നവർ എട്ടി​നു ശേഷമാണ് ഇവിടെ തമ്പടിക്കുന്നത്. ഈ ഭാഗത്ത് വ്യാപാര സ്ഥാപനങ്ങൾ കുറവായതിനാൽ സി.സി.ടി.വികളുടെ സേവനവും ഇല്ല. ഇതിനാൽ സ്ത്രീകളെ ശല്ല്യം ചെയ്യുന്നവരെ കണ്ടെത്താൻ പൊലീസ് ഏറെ വിയർക്കേണ്ടിവരും. മതിയായ വെളിച്ചമില്ലാത്തതിനാൽ ബസ്‌ കാത്ത് സ്‌റ്റോപ്പിൽ നിൽക്കുന്നവരെ ഡ്രൈവർമാർ കാണാത്ത അവസ്ഥയുമുണ്ട്.

ബസ് സ്‌റ്റോപ്പിന് മുന്നിലെ നടപ്പാത തറഓടുകൾ പാകി വൃത്തിയാക്കുന്നുണ്ടെങ്കിലും വെളിച്ചം ഒരുക്കാൻ മാത്രം നടപടി​യി​ല്ല. എത്രയും വേഗം ജെറോം മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണം

യാത്രക്കാർ

Advertisement
Advertisement