മരണ വീട്ടിൽ പോകുന്നത് നാട്ടുനടപ്പ്:മുഖ്യമന്ത്രി

Tuesday 09 April 2024 2:27 AM IST

അടൂർ: ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടാളുടെ വീട് സന്ദർശിച്ച പാർട്ടി നേതാക്കൾക്ക് ജാഗ്രതക്കുറവുണ്ടായെന്ന പാർട്ടി പാനൂർ ഏരിയ കമ്മിറ്റിയുടെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി.മരണ വീട്ടിൽ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്. സാമൂഹിക ജീവിതത്തിന്റെ ഭാഗമായ മനുഷ്യത്വപരമായ സമീപനമാണത്.

സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല. സ്ഫോടനക്കേസിൽ ശക്തമായ നടപടി സ്വീകരിക്കും. കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനം ഉണ്ടാകില്ല. ബോംബ് നിർമ്മാണത്തെ അംഗീകരിക്കാനാകില്ല.

തൃശൂരിൽ സുരേഷ്‌ഗോപിയെ ജയിപ്പിക്കാനാണ് ഇ.ഡി സി.പി.എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. അത്തരം കളികൾ ഇവിടെ നടക്കില്ല. സുരേഷ്‌ ഗോപി മൂന്നാം സ്ഥാനത്ത്‌ പോകും. സുനിൽകുമാർ വിജയിക്കും.സുതാര്യമായി പ്രവർത്തിക്കുന്ന കിഫ്ബിയുടെ പേരിൽ പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്കിനെ ഒറ്റതിരിഞ്ഞ് വശം കെടുത്തിക്കളയാമെന്ന് ആരും കരുതേണ്ട. കേന്ദ്ര ഏജൻസികളുടെ റഡാറുകൾ കിഫ്ബിയിലേക്ക് തിരിച്ചുവച്ച് തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല. കിഫ്ബിയിലെ തീരുമാനങ്ങളെടുക്കുന്നത്‌ തോമസ് ഐസക്കല്ല. പ്രൊഫഷണലുകളടങ്ങിയ ബോർഡാണ്. ഒരു കളി കളിച്ചുഹനോക്കുകയാണ്. എന്തോ ഉണ്ടെന്ന തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ഏജൻസിപ്പണി കോൺഗ്രസ് മതിയാക്കണം. ഇത് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നും പിണറായി പറഞ്ഞു.

Advertisement
Advertisement