കിണറുകൾ വറ്റിത്തുടങ്ങി; കുടിവെള്ളക്ഷാമം രൂക്ഷം

Wednesday 10 April 2024 1:24 AM IST
വേനൽ

നെന്മാറ: വേനൽമഴ വൈകിയതോടെ ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ചൂട് കൂടിയതോടെ നെന്മാറ, ചാത്തമംഗലം, മരുതഞ്ചേരി, ഒലിപ്പാറ, കൊടിക്കരുമ്പ്, ചീതാവ്, ഇടപ്പാടം കരികുളം എലവൻചേരി തുടങ്ങിയ പ്രദേശങ്ങളിൽ കിണറുകളും വറ്റിത്തുടങ്ങി. മഴ കുറവുമൂലം പോത്തുണ്ടി ഡാമിൽ നിന്ന് കൃഷിക്കുള്ള ജലവിതരണവും ഫെബ്രുവരി തുടക്കത്തിൽ തന്നെ നിറുത്തിയിരുന്നു. മാർച്ച് ആരംഭത്തോടെ നെൽപ്പാടങ്ങളും വറ്റിവരണ്ടതാണ് കിണറുകളിലെയും കുളങ്ങളിലെയും തോടുകളിലെയും വെള്ളം വറ്റാൻ ഇടയാക്കിയത്.
ഇതോടൊപ്പം പുഴകളിലെ നീരൊഴുക്കും ഇല്ലാതായി.

കൽച്ചാടി, പോത്തുണ്ടി പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതോടെ കുടിവെള്ള പദ്ധതികൾ ഇല്ലാത്ത മേഖലകളിലെ ജനങ്ങൾ പുഴയിൽ കുഴികൾ കുഴിച്ചും ചെറു തടയണകൾ സ്ഥാപിച്ചുമാണ് കുടിവെള്ളം സംഭരിക്കുന്നത്. ചൂട് കൂടുംതോറും ജനങ്ങൾ ആശങ്കയിലാണ് ഓരോ ദിവസവും ഒരടി വെള്ളമാണ് കിണറുകളിൽ കുറഞ്ഞുവരുനത്. വേനൽ മഴ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ടാങ്കർ ലോറി വെള്ളവുമില്ല

സ്വാശ്രയ കുടിവെള്ള പദ്ധതികളിലെ പമ്പിംഗിനെ ആശ്രയിച്ചാണ് ബഹുഭൂരിപക്ഷം വീടുകളിലും കുടിവെള്ളം ലഭ്യമാകുന്നത്. കുടിവെള്ള പദ്ധതികൾ ഇല്ലാത്ത നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ കഴിഞ്ഞവർഷം ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഇക്കുറി പഞ്ചായത്തുകൾ തീരുമാനം എടുത്തെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ ടാങ്കർ ലോറി വെള്ളം വിതരണം ആരംഭിക്കാനായിട്ടില്ല.

Advertisement
Advertisement