ബൈക്ക് റേസിംഗിന്റെ ചോരത്തിളപ്പ് ഇല്ലാതാക്കിയത് ഈ ഒന്നര സെന്റ് വീട്ടിലെ പത്തുപേരുടെ ഏക ആശ്രയം, താങ്ങാനാകാതെ നാട്ടുകാർ
തിരുവനന്തപുരം: കുളത്തൂർ കോരളാംകുഴി നിവാസികൾ ഇന്നലെ ഉറക്കമുണർന്നത് ദുരന്തവാർത്ത കേട്ടാണ്.ബൈക്ക് റേസിംഗ് കവർന്ന നിർദ്ധന കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ മരണം നാട്ടുകാരെയും ദുഃഖത്തിലാക്കി. മകന്റെ ദാരുണമായ വേർപാട് താങ്ങാനാകാതെയുള്ള സുനീഷിന്റെ അമ്മ പ്രശോഭനയുടെ നിലവിളി അയൽക്കാരെയും കണ്ണീരിലാഴ്ത്തി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുനീഷ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരിച്ചത്.പെയിന്റിംഗ് തൊഴിലാളിയായ സുനീഷ് ടൈലിന്റെ പണിക്കും പോയിരുന്നു.അടുത്തകാലത്തായി തമ്പുരാൻമുക്ക് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ തട്ടുകടയിൽ ജോലി ചെയ്യുകയായിരുന്നു.വീട്ടുകാരും നാട്ടുകാരും ഉണ്ണി എന്നാണ് വിളിക്കുന്നത്.
പിതൃസഹോദരിയുടെ പേരിലുള്ള ഒന്നരസെന്റ് ഭൂമിയിലെ ഷീറ്റിട്ട ചെറുവീട്ടിലാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം സുനീഷ് ഭാര്യയും മകളുമായി കഴിഞ്ഞിരുന്നത്. രണ്ട് കുടുംബങ്ങളിൽ നിന്നായി പത്തംഗങ്ങളാണ് ഈ വീട്ടിൽ കഴിയുന്നത്. പലവിധ അസുഖങ്ങൾ അലട്ടുന്നയാളാണ് സുനീഷിന്റെ അച്ഛൻ സുനിൽ. വർഷങ്ങളായി സഹോദരിയുടെ ദയയിൽ കഴിയുന്ന കുടുംബം ഭൂമിക്കും കിടപ്പാടത്തിനുമായി മുട്ടാത്ത വാതിലുകളില്ല.ഓരോ വർഷവും നഗരസഭയുടെ മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുമെങ്കിലും അവസാനം തഴയപ്പെടുമെന്നും സുനിൽ പറയുന്നു.
കേരളത്തിൽ എവിടെയാണെങ്കിലും തല ചായ്ക്കാൻ ഒരിടം കിട്ടിയാൽ മതിയെന്നാണ് ഇദ്ദേഹത്തിന്റെ അപേക്ഷ. ഏക ആശ്രയമായിരുന്ന മകന്റെ വേർപാട് കുടുംബത്തിന് കനത്ത പ്രഹരമായിരിക്കുകയാണ്.എല്ലാവരോടും സൗമ്യമായും സൗഹൃദത്തോടും പെരുമാറുന്ന സുനീഷ് നാട്ടുകാർക്ക് ഉപകാരിയായിരുന്നു.