പെരുന്നാളിന്റെ സുകൃതങ്ങൾ
ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതനാളുകളുടെ പൂർത്തീകരണം കഴിഞ്ഞ് തെളിച്ചമുള്ള ഹൃദയവുമായാണ് പെരുന്നാളിലേക്കു കടക്കുന്നത്. റമസാനിൽ ഉണ്ടാക്കിയെടുത്ത ആദ്ധ്യാത്മിക വിശുദ്ധി പെരുന്നാളിൽ പൊലിമയോടെ വിശ്വാസികളുടെ ഹൃദയങ്ങളിൽ നിറയണം. എല്ലാ ഭവനങ്ങളിലും പെരുന്നാൾ ദിവസം സന്തോഷമുണ്ടാവണം. കഷ്ടപ്പാടിന്റെ നെരിപ്പോടുകളിൽ നീറുന്ന ആരും നമ്മുടെ അറിവിൽ ഇല്ലെന്ന് ഉറപ്പ് വരുത്തണം. വിഷമമനുഭവിക്കുന്നവരെയെല്ലാം സഹായിക്കണം. എല്ലാവരുടേതുമാകണം പെരുന്നാൾ. തിരുനബിയുടെ പെരുന്നാൾ അങ്ങനെയായിരുന്നു. ഒരുവിശ്വാസി പോലും ആ ദിവസം കഷ്ടപ്പെടരുതെന്ന് തീർച്ചപ്പെടുത്തുമായിരുന്നു മുഹമ്മദ് നബി.
വിശുദ്ധ റമസാനിലെ ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ സ്വീകരിക്കുമെന്ന തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളിൽ പ്രധാനം. അല്ലാഹുവിന് തൃപ്തികരമായ ജീവിതം നയിച്ചാൽ ജനങ്ങൾക്കും നമ്മോട് തൃപ്തിയും മതിപ്പും വരും. ഹൃദയ വിശുദ്ധി പോലെ പ്രധാനമാണ് സാമ്പത്തിക ശുദ്ധിയും.
കുടുംബങ്ങളുമായും അയൽവാസികളുമായും ബന്ധം ദൃഢപ്പെടുത്താൻ പെരുന്നാൾ നിദാനമാവണം. ചുറ്റുമുള്ള എല്ലാ വീടുകളിലും പോവണം. സ്‌നേഹാഭിവാദ്യങ്ങൾ നടത്തണം. പ്രായമാവരെ പ്രത്യേകം പരിഗണിക്കണം. രോഗികൾക്ക് ആശ്വാസം പകരാൻ കഴിയണം.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നിർബന്ധ ബാദ്ധ്യതയായി നൽകേണ്ടതാണ് 'ഫിത്വ്ർ സക്കാത്'. തനിക്കും തന്റെ ആശ്രിതർക്കും താമസം, ഭക്ഷണം, പാർപ്പിടം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ കഴിഞ്ഞ് ബാക്കി ധനം കൈയിലുള്ള ആരെല്ലാം ഉണ്ടോ, അവരെല്ലാം നിശ്ചിത കണക്ക് പ്രകാരം നൽകുന്ന ദാനമാണിത്. ഫിത്വ്ർ സക്കാത് നോമ്പുകാരന് പിഴവുകളിൽ നിന്നുള്ള ശുദ്ധീകരണവും പാവപ്പെട്ടവർക്കുള്ള ഭക്ഷണവുമാണെന്ന് തിരുനബി പഠിപ്പിക്കുന്നു. വിശക്കുന്നവന് ഭക്ഷണം കൊടുക്കാനുള്ള ആഹ്വനമാണത്. ഭക്ഷ്യവസ്തു തന്നെ ദാനമായി നൽകണമെന്ന നിബന്ധനയും ശ്രദ്ധേയമാണ്. ഒരുമാസക്കാലം വിശപ്പ് എന്താണെന്ന് അറിഞ്ഞവരാണ് നമ്മൾ. ആ ബോധ്യത്തിൽ നിന്ന് നാം ദാനം നൽകുമ്പോൾ ഈ ആരാധനകളുടെയെല്ലാം ബാഹ്യവും ആന്തരികവുമായ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടുന്നു. അന്നേദിനം ആരും പട്ടിണി കിടക്കരുതെന്ന മതത്തിന്റെ പൊതുതാത്പര്യം കൂടിയാണ് ഇതിനു പിന്നിൽ.
ലോകമൊട്ടുക്കും വേദന അനുഭവിക്കുന്ന അനേകം മനുഷ്യരുണ്ട്. നമ്മളെ പോലെ പെരുന്നാൾ ആഘോഷിക്കാൻ സാഹചര്യമില്ലാത്തവർ. അവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ കൂടി ഈദിന്റെ ഭാഗമായി ഉണ്ടാവണം. സർവരും നമ്മുടെ സഹോദരങ്ങളാണല്ലോ. നമ്മളെല്ലാം ഒരുകെട്ടിടം പോലെയാണ് എന്നാണ് തിരുനബി പഠിപ്പിക്കുന്നത്. ഓരോ ഇഷ്ടികയും മറ്റുള്ളവയ്ക്ക് താങ്ങായി നിൽക്കുന്നതിന്റെ ഉപമയായാണ് മനുഷ്യരുടെ പരസ്പര സഹായ സഹകരണങ്ങളെ സൂചിപ്പിക്കാൻ നബിയവിടെ ഉപയോഗിച്ചത്. നേരിട്ട് സഹായമെത്തിക്കാൻ കഴിയാത്തവരിലേക്ക് നമ്മുടെ പ്രാർത്ഥനകൾ നീളണമെന്ന് പറയുന്നത് അതുകൊണ്ടാണ്. ചുരുക്കത്തിൽ, സ്വന്തം ഹൃദയത്തിൽ നിന്ന് തുടങ്ങി, വീട്ടുകാരിലും അയൽവാസികളും മുതൽ ലോകമെമ്പാടുമുള്ള സഹജീവികളിലേക്ക് കൂടി വിശാലമാകുന്ന സന്തോഷങ്ങളാകണം നമ്മുടെ പെരുന്നാൾ ആഘോഷം.
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമാണ് ലേഖകൻ )