ക്രിസ്റ്റ്യാനോയ്ക്ക് ചുവപ്പ്, അൽ നസ്ർ പുറത്ത്

Wednesday 10 April 2024 12:26 AM IST

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പ്കാർഡ് കണ്ട് പുറത്തായ സൗദി സൂപ്പർ കപ്പ് സെമിഫൈനൽ പോരാട്ടത്തിൽ അൽ ഹിലാലിനോട് തോറ്റ് അൽ നസ്ർ പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു റൊണാൾഡോയുടെയും സംഘത്തി​ന്റെയും തോൽവി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അൽ ഹിലാലിന്റെ രണ്ട് ഗോൾശ്രമങ്ങൾ അൽ നസ്ർ ഗോൾകീപ്പർ ഒസ്പീന പരാജയപ്പെടുത്തിയിരുന്നു. ഇരുനിരയും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ഇതിനിടെ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സാദിയോ മാനെയുടെ ക്രോസിൽ ഒട്ടാവിയോ അൽ ഹിലാൽ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു.

61-ാം മിനിട്ടിൽ നായകൻ സലേം അൽ ദവാസരിയിലൂടെ അൽ ഹിലാലാണ് ആദ്യ ഗോളടിച്ചത്. ഒമ്പത് മിനിട്ടിനകം ദവാസരിയുടെ പാസിൽ ഹംദാന് സുവാർണാവസരം ലഭിച്ചെങ്കിലം ഷോട്ട് ഗോൾകീപ്പർ ഡൈവ് ചെയ്ത് കൈയിലൊതുക്കി. എന്നാൽ, തൊട്ടുപിന്നാലെ അൽ ഹിലാൽ രണ്ടാം ഗോളും നേടി. മിഖായേൽ ബോക്സിലേക്ക് നൽകിയ ക്രോസ് മാർക്ക് ചെയ്യാതിരുന്ന മാൽക്കം മനോഹര ഹെഡറിലൂടെ പോസ്റ്റിനുള്ളിലാക്കുകയായിരുന്നു. 86-ാം മിനിട്ടിലാണ് റൊണാൾഡോ ചുവപ്പ് കാർഡ് കണ്ടത്. ത്രോ ബാൾ എടുക്കാൻ റൊണാൾഡോയും അൽ ഹിലാൽ താരം അൽ ബുലെയ്ഹിയും തമ്മിൽ തിരക്കുകൂട്ടിയപ്പോൾ രോഷാകുലനായ റൊണാൾഡോ ബുലായിയുടെ നെഞ്ചിൽ കൈകൊണ്ട് ഇടിക്കുകയായിരുന്നു. രണ്ടാമതും ഇടിച്ചതോടെ താരം നിലത്തുവീണു. ഇതോടെ റഫറി ചുവപ്പു കാർഡെടുത്തു. റഫറിക്ക് നേരെ ഇടിക്കാനോങ്ങിയ റൊണാൾഡോ അദ്ദേഹത്തെ പരിഹസിച്ച് ആംഗ്യം കാണിച്ചാണ് ഗ്രൗണ്ട് വിട്ടത്. സംഭവത്തെ തുടർന്ന് ഇരു ടീമിലെയും താരങ്ങൾ തമ്മിൽ ഏറെ നേ​രം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

ഇഞ്ചുറി ടൈമിന്റെ ഒമ്പതാം മിനിട്ടിൽ സാദിയോ മാനെയിലൂടെ അൽ നസ്ർ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല. സൗദി പ്രോ ലീഗിൽ കിരീടപ്പോരിൽ ഒന്നും രണ്ടും സ്ഥാനത്താണ് അൽ ഹിലാലും അൽ നസ്റും. ഏഴ് മത്സരങ്ങൾ ശേഷിക്കെ അൽ ഹിലാലിന് 12 പോയന്റിന്റെ ലീഡുണ്ട്. അവർക്ക് 77 പോയന്റുള്ളപ്പോൾ 65 പോയന്റാണ് അൽ നസ്റിന്റെ സമ്പാദ്യം.

Advertisement
Advertisement