അങ്ങനെയൊന്നില്ലെന്ന് കെഎസ്‌ഇബി ആണയിടുമ്പോഴും സംസ്ഥാനത്ത് അത് നടന്നു; ഈ ചൂടുകാലം ഇനിയെങ്ങനെ തള്ളിനീക്കും

Wednesday 10 April 2024 10:58 AM IST

തിരുവനന്തപുരം: ചൂട് കൂടി വൈദ്യുതി ഉപഭോഗം നിയന്ത്രണം വിട്ടതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കുന്നു. വൈകിട്ട് ആറുമുതൽ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നുവെന്നാണ് പരാതി. അമിത ലോഡ് കാരണം ഫ്യൂസ് ഉരുകി വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് നേരത്തേ പറഞ്ഞ കെ.എസ്.ഇ.ബി വൈദ്യുതി മുടങ്ങുന്നില്ലെന്നാണ് ഇപ്പോൾ ആണയിടുന്നത്. എന്നാൽ തലസ്ഥാന നഗരത്തിൽ പോലും രാത്രി വൈദ്യുതി മുടങ്ങുന്നുവെന്നതാണ് സത്യം.

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം റെക്കോഡ് നിരക്കിലാണ്. 110.01 ദശലക്ഷം യൂണിറ്റാണ് ഇന്നലെമാത്രം എരിച്ചുതീർത്തത്. രണ്ടാഴ്ചയായി 100 ദശലക്ഷത്തിന് മുകളിലാണ് ഉപഭോഗം. ജലവൈദ്യുതിയും കരാർ വൈദ്യുതിയും ദേശീയ ഗ്രിഡിലും നിന്നായി പരമാവധി പ്രതിദിനം 94 ദശലക്ഷം യൂണിറ്റാണ് കിട്ടുന്നത്. ഇതിൽ കൂടിയാൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങണം. അതിന് യൂണിറ്റിന് 12 - 22 രൂപ വരെ നൽകണം.

ക്ഷാമം ഉണ്ടായാൽ ഇറക്കുമതി കൽക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും. ഇതിന് മുൻകൂർ പണം നൽകണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കിൽ നഷ്ടം കൂടും. ജലവൈദ്യുതി ഉത്‌പാദനം കൂട്ടിയാണ് കെ എസ് ഇ ബി പ്രതിസന്ധി മറികടക്കുന്നത്. ഉത്‌പാദനം ദിവസം 13 - 16 ദശലക്ഷം യൂണിറ്റായിരുന്നത് 21 ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53 ശതമാനത്തിൽ നിന്ന് 43 ശതമാനമായി കുറഞ്ഞു. ഇത് തുടർന്നാൽ അടുത്ത മൺസൂൺ വരെ ജലവൈദ്യുതി ഉത്‌പാദനം നിലനിറുത്താനാകാതെ വരും. അതിനാൽ ഉപഭോഗം നിയന്ത്രിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്. വൈദ്യുതി വിതരണം നിയന്ത്രിച്ചിട്ടില്ലെന്നും രണ്ടര വർഷം കൊണ്ട് 21 സബ്സ്റ്റേഷനുകൾ നിർമ്മിച്ചതിനാൽ വിതരണത്തിന് തടസമില്ലെന്നുമാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.

ലോഡ് ഷെഡ്ഡിംഗിന് കാരണം

എ.സി. ഉപയോഗം വർദ്ധിച്ചതും ഇ.വി. കാറുകളുടെ ചാർജ്ജിംഗും രാത്രി വൈദ്യുതി ഉപഭോഗം കൂട്ടുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം വിറ്റ 82,000 ഇലക്ട്രിക് വാഹനങ്ങളിൽ 12,500ഉം കേരളത്തിലാണ്. രണ്ടരലക്ഷം ഏ.സിയാണ് ജനുവരി - ഏപ്രിലിൽ കേരളത്തിൽ വിൽക്കുന്നത്.

1043 കോടി വാർഷിക നഷ്ടം

വില കൂടുതലാണെങ്കിലും രാജ്യത്ത് വൈദ്യുതി ലഭ്യമാണ്. ദീർഘകാല കരാറുകൾ ഉണ്ടാക്കാത്തതും നിലവിലെ കരാർ സംരക്ഷിക്കാത്തതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. വൻവിലയ്ക്ക് വൈദ്യുതി വാങ്ങിയാൽ കെ എസ് ഇ ബിക്ക് നഷ്ടമുണ്ടാകും. ഇതനുസരിച്ച് നിരക്ക് കൂട്ടാൻ സാങ്കേതിക നിയമ തടസങ്ങളുണ്ട്.

സംസ്ഥാനത്ത് ദിവസം

ലഭ്യത 4500 മെഗാവാട്ട്

ഉപഭോഗം 5489 മെഗാവാട്ട്

കുറവ് 989 മെഗാവാട്ട്

ദേശീയ തലത്തിലും ഉപഭോഗം കൂടി.

നിലവിൽ 2,56,530 മെഗാവാട്ട്.

കഴിഞ്ഞ വർഷം 2,30,500 മെഗാവാട്ട്

Advertisement
Advertisement