രാത്രിയില്‍ സ്ഥിരമായി കറണ്ടില്ല, ഭാര്യയേയും കൂട്ടി കെഎസ്ഇബി ഓഫീസില്‍ കിടന്നുറങ്ങി ഗൃഹനാഥന്‍

Wednesday 10 April 2024 8:00 PM IST

കൊച്ചി: രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ കൊടും ചൂടാണ് കേരളത്തില്‍. രാത്രി കിടന്നുറങ്ങാന്‍ നേരം കറണ്ട് ഇല്ലെങ്കിലുള്ള അവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും മലയാളിക്ക് കഴിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പോണേക്കര സ്വദേശി പരമേശ്വരന്‍ ചെയ്തത് വ്യത്യസ്തമായ ഒരു പ്രതിഷേധമാണ്.

രാത്രി വൈദ്യുതിയില്ലാതായതോടെ 55കാരനായ പരമേശ്വരന്‍ രോഗബാധിതയായ ഭാര്യയേയും കൂട്ടി ഒരു പായും തലയിണയുമായി നേരെ കെഎസ്ഇബി ഓഫീസിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ കറണ്ട് ഉണ്ട്. ഇവിടെ കറണ്ടുള്ളപ്പോള്‍ പിന്നെ ഇവിടെ തന്നെ കിടന്നുറങ്ങാമെന്നായി പരമേശ്വരന്‍. ചൂട് കാലത്ത് ഉഷ്ണം സഹിച്ച് വീട്ടില്‍ കിടക്കുന്നതിലും നല്ലതല്ലേ അതെന്ന ചോദ്യമാണ് അദ്ദേഹം ചോദിച്ചത്.

പായ നിലത്ത് വിരിച്ച ശേഷം ഹൃദ്‌രോഗിയായ ചന്ദ്രകലയെ അവിടെ കിടത്തി. രാത്രിയായാല്‍ സ്ഥരമായി കറണ്ടില്ല. കെഎസ്ഇബിക്കാരോട് പരാതി പറഞ്ഞു മടുത്തു. അത്യുഷ്ണം സഹിക്കാനാകാതെയാണ് പരമേശ്വരനും ഭാര്യയും വൈദ്യുതി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ തടസ്സങ്ങള്‍ പറഞ്ഞെങ്കിലും പരമേശ്വരന്‍ പിന്മാറിയില്ല. ''വീട്ടില്‍ കിടന്നുറങ്ങാന്‍ നിവര്‍ത്തിയില്ല,ഇവിടെ കറണ്ടുള്ളപ്പോള്‍ ഹൃദ്‌രോഗിയായ എന്റെ ഭാര്യ ഇവിടെ കിടന്നു ഉറങ്ങട്ടെ.'' എന്നായിരുന്നു പരമേശ്വരന്‍ അധികൃതരോട് പറഞ്ഞത്. ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയെങ്കിലും ബലം പ്രയോഗിച്ച് മാറ്റാന്‍ അവരും തയ്യാറായില്ല.

പരമേശ്വരന്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് മനസ്സിലായതോടെ വീടിനും സമീപത്തുമുള്ള വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ ഊര്‍ജിത ശ്രമം ആരംഭിച്ചു. പോണേക്കര മണിമല ഭാഗത്ത് എല്ലാ ദിവസവും രാത്രി ഒമ്പത് മണിക്ക് കറണ്ട് പോകും, പിന്നെ പുലര്‍ച്ചയോടെ മാത്രമേ കറണ്ട് വരികയുള്ളൂ.

പരമേശ്വരന്റെ പ്രതിഷേധത്തിന് പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തി. പ്രദേശത്തെ അമിത വൈദ്യുതി ഉപയോഗമാണ് രാത്രിയില്‍ കറണ്ട് പോകാന്‍ കാരണമെന്നും ഇത് പരിഹരിക്കുന്നതിനായി ഒരു ട്രാന്‍സ്‌ഫോമര്‍ കൂടി ഉടനെ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Advertisement
Advertisement