ആലപ്പുഴ ആകെ മാറിപ്പോകും, ബൈപ്പാസിന് പുറമേ മറ്റൊരു വമ്പന്‍ പദ്ധതി; മാസങ്ങള്‍ക്കകം പൂര്‍ത്തിയാകും

Wednesday 10 April 2024 9:48 PM IST

ആലപ്പുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തിയായ ബൈപ്പാസ് ആലപ്പുഴയുടെ മുഖച്ഛായ മാറ്റിയിരുന്നു. ഇപ്പോഴിതാ മറ്റൊരു പദ്ധതിയിലൂടെ മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് ആലപ്പുഴ. ബൈപ്പാസിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ഇതിന്റെ ഭാഗമായി 21 ഗര്‍ഡറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

കൊമ്മാടിക്ക് സമീപത്തും ആലപ്പുഴ ബീച്ചിന് സമീപത്തുമാണ് ഗര്‍ഡര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായത്. നിലവില്‍ വിജയ പാര്‍ക്കിനു സമീപത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. ചൂടു വര്‍ദ്ധിച്ചതും ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയതും നിര്‍മാണ പ്രവൃത്തിയുടെ വേഗം കുറച്ചിട്ടുണ്ട്. എങ്കിലും മാസങ്ങള്‍ക്കകം പണി പൂര്‍ത്തിയാക്കാനാണ് ശ്രമം.

പുതിയ ബൈപാസിന് ആകെ 350 ഗര്‍ഡറുകളാണുള്ളത്. പ്രയാസമേറിയ ജോലി ആയതിനാല്‍ ഗര്‍ഡര്‍ സ്ഥാപിക്കല്‍ സമയം ആവശ്യമുള്ള ഘട്ടമാണ്. കളര്‍കോട് ഭാഗത്തും മാളികമുക്ക് ഭാഗത്തും തൂണുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭാഗത്ത് റെയില്‍വേ ലൈനിന് മുകളിലൂടെ നിര്‍മാണം നടത്താന്‍ റെയില്‍വേയുടെ അനുമതി ലഭിക്കാന്‍ വൈകിയതാണ് ഇവിടെ നിര്‍മാണം വൈകാനുള്ള കാരണം.

ഗര്‍ഡറുകള്‍ സ്ഥാപിച്ച ശേഷം റൂഫ് സ്ലാബ് നിര്‍മാണമാണ് അടുത്ത ഘട്ടം. ബൈപാസ് മേല്‍പ്പാലത്തില്‍ നിലവില്‍ 12 മീറ്റര്‍ വീതിയിലുള്ള രണ്ടുവരിപ്പാതയാണ് ഉള്ളത്. 14 മീറ്റര്‍ വീതിയില്‍ മൂന്നു വരി പാത കൂടി സമാന്തരമായി വരുന്നതോടെ ആകെ അഞ്ചുവരിപ്പാതയാകും. 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം.

Advertisement
Advertisement