ഒരു കാലത്ത് തലവേദനയായിരുന്നത് കൊച്ചിക്ക് ഇന്ന് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളുടെ വരുമാനം
കൊച്ചി: ഒരുകാലത്ത് തലവേദനയായിരുന്ന സെപ്റ്റേജ് മാലിന്യനീക്കം കൊച്ചി കോർപ്പറേഷന് വരുമാന സ്രോതസായി. ഇതിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്. നടപടികൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഡിജിറ്റലാക്കിയതോടെ ഒമ്പതുമാസം കൊണ്ട് 67 ലക്ഷം രൂപ ലഭിച്ചു.
കൊച്ചി നഗരത്തിലും സമീപ മുനിസിപ്പാലിറ്റികളിലുമായി 200 ലോഡ് കക്കൂസ് മാലിന്യം ഒരുദിവസം കൈകാര്യം ചെയ്യുന്നതായാണ് അനൗദ്യോഗിക കണക്ക്. കൊച്ചി നഗരസഭയ്ക്ക് മാത്രമാണ് രണ്ട് സെപ്റ്റേജ് പ്ലാന്റുകളുള്ളത്. ഒരെണ്ണം വില്ലിംഗ്ഡൺ ഐലൻഡിലും മറ്റൊന്ന് ബ്രഹ്മപുരത്തും. രണ്ട് പ്ലാന്റുകളിലൂടെ പ്രതിദിനം 40 ലോഡ് മാലിന്യമാണ് കൈകാര്യം ചെയ്യുന്നത്. 200 ലോഡ് മാലിന്യം സംസ്‌കരിക്കണമെന്നതാണ് കോർപ്പറേഷന്റെ ലക്ഷ്യം. 40 ലോഡ് മാലിന്യം കോർപ്പറേഷന്റെ 'കൊച്ചി വൺ 'ആപ്പിലൂടെയാണ് ബുക്ക് ചെയ്യുന്നത്. ഒരു കുടുംബത്തിന് കക്കൂസ് മാലിന്യം സംസ്‌കരിക്കണമെങ്കിൽ ആപ്പിലൂടെയാണ് ലോറികൾ ബുക്ക് ചെയ്യണം.
ആപ്പിലൂടെ തന്നെ പണമടയ്ക്കാനും സാധിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. നഗരസഭയുടെ അക്കൗണ്ടിലേക്ക് ഇതുവഴി വന്നത് 4.16 കോടിയാണ്. ആദ്യകാലത്ത് നിരവധി സങ്കേതികപ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ പ്രവർത്തനങ്ങൾ പൂർണമായിരുന്നില്ല. ഇപ്പോൾ പ്രവർത്തനം പൂർണതോതിലായി. ആറു ജീവനക്കാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ഏജൻസിക്കാണ് പ്രവർത്തനച്ചുമതല. 12 പേർക്കുള്ള ശമ്പളം മാത്രമാണ് നഗരസഭ നൽകുന്നത്.
40 പേർക്ക് ബുക്ക് ചെയ്യാം.
40 പേർക്ക് ഒരുദിവസം ആപ്പിലൂടെ തന്നെ ബുക്കിംഗ് ലഭിക്കും.
6,000 ലിറ്റർ വരുന്ന ഒരു ടാങ്കറിന് 4,750 രൂപയാണ് നിരക്ക്.
50 മീറ്റർ കൂടുതൽ ഹോസിന് നീളമുണ്ടെങ്കിൽ അധികമായി 1,000 രൂപ നൽകണം.
കോർപ്പറേഷൻ നേരിട്ട് നടത്തും
നിലവിൽ ഏജൻസി മുഖേന നടക്കുന്ന പ്രവർത്തനം ജൂൺ കഴിഞ്ഞാൽ നഗരസഭ നേരിട്ട് ഏറ്റെടുത്ത് നടത്തും. ബ്രഹ്മപുരത്ത് രണ്ട് എം.എൽ.ഡി സെേ്രപ്രജ് പ്ലാന്റിന് അമൃത് പദ്ധതി വഴി അനുമതി ലഭിച്ചിട്ടുണ്ട്. ഒരുവർഷം നിർമ്മാണത്തിന് വേണം. അങ്ങനെ വന്നാൽ നഗരത്തിന് ചുറ്റുമുള്ള എല്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടേയും കക്കൂസ് മാലിന്യം കൈകാര്യം ചെയ്യാൻ സാധിക്കും. വരുമാനം നാലിരട്ടിയായി മാറും. ജലാശയങ്ങൾ മലിനമാക്കുന്നത് അവസാനിക്കും.
സെേ്രപ്രജ് മാലിന്യം പൊതുഇടത്തിൽ തള്ളുന്നവർക്കെതിരെ പൊലീസുമായി ചേർന്ന് നടപടി എടുക്കുന്നുണ്ട്.
അഡ്വ. എം. അനിൽകുമാർ
മേയർ