'സുരേഷേട്ടൻ ജയിക്കണമെന്ന് ആഗ്രഹിക്കാനൊരു കാരണമുണ്ട്'; വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

Thursday 11 April 2024 12:56 PM IST

ട്രോളന്മാരാൽ ഏറെ വേട്ടയാടപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. നടിയുടെ പുതിയ ചിത്രമാണ്
"ബദൽ". ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളും പ്രണവ് മോഹൻലാലിനെപ്പറ്റിയുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് ഗായത്രി സുരേഷ്.

താൻ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമാണ് "ബദലി"ൽ അവതരിപ്പിക്കുന്നതെന്ന് ഗായത്രി വ്യക്തമാക്കി. ആക്ഷനും വയലൻസുമൊക്കെ ചിത്രത്തിൽ വരുന്നുണ്ടെന്ന് നടി പറയുന്നു.

തൃശൂരിൽ സുരേഷ് ഗോപി ജയിക്കണമെന്ന ആഗ്രഹവും ഗായത്രി പങ്കുവച്ചു. 'എല്ലാവരും സ്‌ട്രോംഗാണ്. ആര് ജയിക്കുമെന്ന് പറയാൻ പറ്റില്ല. സുരേഷേട്ടൻ ജയിക്കണമെന്ന് ആഗ്രഹമുണ്ട്. കാരണം നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നുള്ളയാളാണ്. എല്ലാവരും സ്‌ട്രോംഗായതുകൊണ്ട് ജയിക്കുമെന്ന് അടിയുറച്ച് പറയാൻ പറ്റുന്നില്ല.'-നടി പറഞ്ഞു. തനിക്ക് വില്ലത്തി വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ഗായത്രി പറഞ്ഞു. മലയാളം ഇൻഡസ്ട്രിയാണ് കൂടുതൽ കംഫർട്ടെന്നും താരം കൂട്ടിച്ചേർത്തു.

പ്രണവ് മോഹൻലാലിന്റെ കൂടെ ജോലി ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ടെന്നും ഗായത്രി പറഞ്ഞു. പ്രണവിനും വില്ലൻ വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അവതാരക പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് സന്തോഷമായെന്നായിരുന്നു ഗായത്രിയുടെ പ്രതികരണം.