സുൽത്താൻ ബത്തേരിയിൽ വൻ കാട്ടുതീ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു, പന്നികൾക്ക് പൊള്ളലേറ്റു

Thursday 11 April 2024 6:04 PM IST

വയനാട്: സുൽത്താൻ ബത്തേരിയിൽ വൻ കാട്ടുതീ. മൂലങ്കാവ് ദേശീയ പാതയോരത്ത് കാരശ്ശേരി വനത്തിലാണ് കാട്ടുതീ പടർന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

മുളങ്കൂട്ടത്തിന് തീപിടിച്ചതോടെ സമീപത്തെ റബർ തോട്ടത്തിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കും തീ പടരുകയായിരുന്നു. മുളങ്കൂട്ടങ്ങൾ കൂട്ടത്തോടെ കത്തി നശിച്ചു. ഫയർഫോഴ്‌സും വനംവകുപ്പും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് തീ ആളിപ്പടർന്നത്.

സുൽത്താൻ ബത്തേരിയിൽ നിന്ന് മുത്തങ്ങ ഭാഗത്തേയ്ക്ക് പോകുന്ന വഴിയിലാണ് തീപിടിത്തമുണ്ടായ ഓടപ്പള്ളം ഭാഗം. ജനവാസ മേഖലയിലേയ്ക്ക് തീ പടർന്നില്ല എന്നത് ആശ്വാസകരമാണ്. ഇതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അടിക്കാടുകളാണ് കത്തിയത്. സമീപത്തെ റബർ തോട്ടത്തിലേയ്ക്ക് തീ പടർന്നെങ്കിലും നിയന്ത്രിച്ചു. തീ നിയന്ത്രവിധേയമാകുന്നുവെന്നാണ് അധികൃതർ പറയുന്നത്.

ഏകദേശം നൂറ് ഏക്കറോളം വനമേഖലയെ തീ ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. സമീപത്തെ പന്നി ഫാമിലേയ്ക്ക് തീ പടർന്നതോടെ നിരവധി പന്നികൾക്കും പൊള്ളലേറ്റെന്നും വിവരമുണ്ട്.

Advertisement
Advertisement