കോലഞ്ചേരി ടൗണിലെ ക്രമസമാധനം 'സുന്ദരിയുടെ' കൈയിൽ ഭദ്രം

Friday 12 April 2024 1:04 AM IST
സുന്ദരിയെ പരിചരിക്കുന്ന പഞ്ചായത്ത് അംഗം സംഗീത ഷൈൻ

കോലഞ്ചേരി: സന്ധ്യമയങ്ങിയാൽ കോലഞ്ചേരി ടൗണിലെ ക്രമസമാധാനം സുന്ദരിയുടെ കൈയിൽ ഭദ്രം. പത്തുവർഷമായി തുടരുന്ന നൈറ്റ് ഡ്യൂട്ടിക്കിടയിൽ അപരിചിതശബ്ദം, അസ്വഭാവികമായ പെരുമാറ്റം, പരിചിതരല്ലാത്ത മുഖങ്ങൾ, തന്റെ ക്യാച്ച്മെന്റ് ഏരിയയിലെ കടന്നുകയറ്റം തുടങ്ങിയവ സുന്ദരി നിരീക്ഷിക്കും. ആരാണീ സുന്ദരിയെന്നല്ലേ ചോദ്യം. 10 വർഷങ്ങൾക്കപ്പുറം തെരുവിന്റെ സന്തതിയായി എത്തിയതാണ് ഈ ലാബ്ക്രോസ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടി. ടൗണിലെത്തിയ ഇവൾ പിന്നീട് ഇവിടം വിട്ടില്ല. ഇന്ന് കോലഞ്ചേരിക്കാരുടെ കണ്ണിലുണ്ണിയാണ്.

സുരക്ഷയാണ് പ്രഥമകൃത്യം

സുന്ദരിയുടെ ഒരുദിവസം തുടങ്ങുന്നത് കോലഞ്ചേരി ടാക്സി സ്റ്റാൻഡിനടുത്താണ്. എന്നും പുലർച്ചെ പതിവ് ചായ കുടിക്കാനെത്തുന്ന വൃദ്ധരടക്കമുള്ളവരുടെ സുരക്ഷയാണ് പ്രഥമകൃത്യം. പതിവുകാർ ഓരോ ചെറിയ പൊതിയുമായാണ് വരവ്. അതിലൊരു പങ്ക് സുന്ദരിക്കാണ്. സമയം 8.30 ആകുന്നതോടെ കടകൾ തുറക്കാനായി ഉടമകൾ എത്തുന്നതോടെ രാത്രികാവൽ തീരും. കടക്കാരുടെ വകയുള്ള ട്രീറ്റ് കഴിയുന്നതോടെ അടുത്ത ഡ്യൂട്ടിക്കായി കെന്നഡി ടെക്സ്റ്റയിൽസിനടുത്തേയ്ക്ക് മാറും. ഉച്ചവരെ അവിടത്തെ കാര്യങ്ങൾ നോക്കിയശേഷം ചിക്കൻകൂട്ടിയുള്ള ഉച്ചഭക്ഷണമാണ്. ടൗണിലെ ചുമട്ട് തൊഴിലാളിയായ ബെന്നിയുടെ വകയാണിത്. കോലഞ്ചേരി പള്ളിക്കുസമീപം ഭക്ഷണവുമായി വരുന്ന സമയം കൃത്യമായി അറിയാവുന്ന സുന്ദരി അവിടെ ഹാജരുണ്ടാകും. മറ്റ് നായ്ക്കളുടെ കൂട്ടായ അക്രമം ഉണ്ടാകാതിരിക്കാൻ ഭക്ഷണം കഴിയുംവരെ ബെന്നിയുടെ കാവലുമുണ്ട്. പിന്നീട് പള്ളിക്കുസമീപം വിശ്രമം. അതിനുശേഷമുള്ള പതിവ് കറക്കങ്ങൾ കഴിഞ്ഞ് രാത്രി കടകൾ അടയ്ക്കാൻ തുടങ്ങുന്നതോടെ അവൾ കാർ സ്റ്റാൻഡിന് സമീപമെത്തും. പുലർച്ചവരെ നൈറ്റ് ഡ്യൂട്ടി ഇവിടെയാണ്. പൂട്ടിയ കടകളുടെ ഷട്ടറിൽ ആരെങ്കിലും തൊട്ടാൽ കുരച്ച് പാഞ്ഞടുക്കും. ഫ്രീക്കന്മാർ സൈലൻസർ മാറ്റിയ വണ്ടിയുമായി എത്തി ടൗണിൽ നിറുത്തിയാൽ തൊട്ടുപിന്നാലെ സുന്ദരിയുണ്ടാകും. വണ്ടി എടുത്തുകൊണ്ട് പോകുംവരെ കുരച്ച് ബഹളമുണ്ടാക്കി പ്രതിരോധം തുടരും. മദ്യപിച്ച് ബഹളമുണ്ടാക്കുന്നവർക്കും പൂസായി കടയ്ക്കു മുന്നിൽ കിടക്കാമെന്ന് കരുതുന്നവർക്കും രക്ഷയില്ല.

സുന്ദരിയെ സുന്ദരിയാക്കുന്നത്

കോളേജ് വിദ്യാർത്ഥികൾ

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലുമുണ്ട് ഇവൾക്ക് ആരാധകർ. പൊട്ടുതൊടീച്ച് മാലയിട്ട് സുന്ദരിയാക്കുന്നത് ഇവരാണ്. ആ പണി കഴിഞ്ഞാൽ ഐസ്ക്രീം കിട്ടും. പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പുകളും വാക്സിനുകളും ദയ പ്രവർത്തകരുടെ വകയാണ്. അസുഖംവന്നാൽ ചികിത്സയും ഉറപ്പാക്കും. കോലഞ്ചേരിയുടെ സുന്ദരിയെ ഒടുവിൽ 'സിൽമേലു'മെടുത്തു. എന്റെ കോലഞ്ചേരി സംരംഭകനായ മധു വിശാഖ് ഒരുക്കുന്ന ബെല്ല ഷോർട്ട് ഫിലിമിലെ നായികയാണിവൾ. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Advertisement
Advertisement