ഹാക്കർ വിളയാട്ടം ജിയാസ് പൂട്ടും, വീണ്ടെടുത്തത് 150 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ

Friday 12 April 2024 12:00 AM IST
അഡ്വ. ജിയാസ് ജമാൽ

കൊച്ചി: അടുത്തിടെയാണ് മന്ത്രി കെ. രാജന്റെ ഫേസ്ബുക്ക് പേജ് കമ്പോഡിയൻ ഹാക്കറിൽ നിന്ന് ജിയാസ് ജമാൽ വീണ്ടെടുത്തത്. കൊച്ചി മേയർ അഡ്വ.എം. അനിൽകുമാറിന്റെ പേജ് വീണ്ടെടുത്തതും ജിയാസ് തന്നെ. ഇൻസ്റ്റാഗ്രാം,യുട്യൂബ് തുടങ്ങിയ മറ്റ് സോഷ്യൽമീഡിയ അക്കൗണ്ടുകൾ വീണ്ടെടുക്കാനും വിദഗ്ദ്ധനാണ് കളമശേരി സ്വദേശിയായ അഡ്വ. ജിയാസ് ജമാൽ.

മുൻ മന്ത്രി കെ.കെ. ഷൈലജ, എം.എൽ.എമാരായ അൻവർ സാദത്ത്, സെബാസ്റ്റ്യൻ കുളത്തുങ്കൽ... ഇങ്ങനെ നീളുന്നു ഹാക്കർമാരിൽ നിന്ന് ഈ 'എത്തിക്കൽ ഹാക്കർ" രക്ഷപ്പെടുത്തിയ ജനപ്രതിനിധികൾ. സെലിബ്രിറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കണക്കുകൂടി ചേർത്താൽ എണ്ണം 150 കടക്കും.

എറണാകുളം ലാ കോളേജിൽ എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ തുടങ്ങിയതാണ് സൈബർ രംഗത്തോടുള്ള അഭിനിവേശം.

പഠനകാലത്ത് ചില ജനപ്രതിനിധികളുടെ സമൂഹമാദ്ധ്യമ പേജുകൾ കൈകാര്യം ചെയ്തിരുന്നു. അങ്ങനെ രൂപപ്പെട്ട സൗഹൃദത്തിൽ നിന്നാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വീണ്ടെടുത്ത് നൽകുമോയെന്ന ചോദ്യമുയർന്നത്. ഒന്നുരണ്ട് പ്രശ്നങ്ങൾ 48 മണിക്കൂറിൽ പരിഹരിച്ചതോടെ കൂടുതൽ സഹായാഭ്യർത്ഥനകളെത്തി. മൂന്നു വർഷം മുമ്പാണ് ഈ രംഗത്ത് സജീവമായത്. അഭിഭാഷക ജോലി തുടരുന്നതിനാൽ ഇതൊരു പ്രൊഫഷനാക്കി മാറ്റിയിട്ടില്ല. പ്രതിഫലം വാങ്ങാറുണ്ട്.

ഹൈക്കോടതി അഭിഭാഷകനാണ് ജിയാസ്. സൈബർ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്ന 'അൺലോക്ക്" എന്ന പുസ്തകം രചിട്ടിട്ടുണ്ട്. ഭാര്യ: ഷിബിന. മക്കൾ: ഹസിൻ, ആദം.

 ഹാക്കിംഗും വീണ്ടെടുക്കലും
'ഈ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഇല്ലാതാകും. നടപടി ഒഴിവാക്കാൻ തന്നിരിക്കുന്ന ലിങ്കിൽ പ്രവേശിക്കുക..." തുടങ്ങിയ മെസേജുകളിൽ ക്ലിക്ക് ചെയ്തതോടെയാണ് പല ജനപ്രതികളുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടത്. തട്ടിയെടുത്ത പേജുകൾ ഉത്തേജക മരുന്നിന്റെയും ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികളുടെയും പ്രചാരണത്തിനായി ഹാക്കർമാർ ഉപയോഗിക്കും. നെജീരിയ, കമ്പോഡിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതലും ആക്രമണം ഉണ്ടാകുന്നത്.

ഏതു രീതിയിലാണ് ഹാക്ക് ചെയ്തത് എന്നു മനസിലാക്കിയശേഷമാണ് വീണ്ടെടുക്കൽ പ്രക്രിയ നടത്തുക. സാങ്കേതികവും നിയമപരവുമായ വഴികൾ ഇതിനായി തേടേണ്ടിവരും. സോഷ്യൽ മീഡിയ അധികൃതരുടെ സഹായവും വേണ്ടിരും.

''ആദ്യമെല്ലാം 48മണിക്കൂറിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ 14 ദിവസം വരെ വേണം അക്കൗണ്ടുകൾ വീണ്ടെടുക്കാൻ.""

-അഡ്വ. ജിയാസ് ജമാൽ

Advertisement
Advertisement