ഇരുചക്രവാഹനങ്ങളിൽ വളർത്തു മൃഗങ്ങളെ കൊണ്ടുപോകരുത്
തിരുവനന്തപുരം: നായ്ക്കൾ അടക്കമുള്ള വളർത്തു മൃഗങ്ങളെ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടു പോകുന്നത് ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. സമൂഹ മാദ്ധ്യമങ്ങളിൽ ഇന്നലെയിട്ട പോസ്റ്റിലാണ് എം.വി.ഡിയുടെ നിർദ്ദേശം. ഇരുചക്ര വാഹനത്തിൽ വളർത്തുമൃഗങ്ങളുമായി യാത്രചെയ്യുന്നത് അപകടകരമാണെന്നും അവയുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നും പോസ്റ്റിൽ വിശദമാക്കുന്നു.
യാത്ര ചെയ്യുന്നതിനിടെ എപ്പോൾ വേണമെങ്കിലും വളർത്തുമൃഗങ്ങൾ ചാടുകയോ വീഴുകയോ ചെയ്യാനിടയുണ്ട്. അതിലൂടെ അതിന് ഗുരുതരമായി പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്യാം. മൃഗങ്ങളുടെ ചലനങ്ങൾ പ്രവചനാതീതമായതിനാൽ ഡ്രൈവറുടെ ശ്രദ്ധ തിരിയുന്നതിനും വലിയ അപകടങ്ങളുണ്ടാക്കുന്നതിനും കാരണമാകും.
തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഇരുചക്ര വാഹനങ്ങളിൽ വളർത്തുമൃഗങ്ങളുമായി സവാരി ചെയ്യാവൂ. അത്തരം സാഹചര്യങ്ങളിൽ വാഹനത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന പെറ്റ് കാരിയർ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കണം. സവാരിക്കിടയിൽ വളർത്തുമൃഗങ്ങൾ കാരിയറിനുള്ളിൽ സഞ്ചരിക്കാതിരിക്കാൻ ഹാർനെസുകളോ സുരക്ഷാ സ്ട്രാപ്പുകളോ ഉപയോഗിക്കണം. ഇവ ഇറുകാതെയും കുരുങ്ങാതെയും ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങൾ പെറ്റ് കാരിയറുകളുമായി ഇണങ്ങിയതായിരിക്കണം.