മൈലപ്ര, കോന്നി ബാങ്കുകളിൽ ക്രമക്കേട്, ഇ.ഡി ഇവിടെയും വരും

Friday 12 April 2024 12:31 AM IST

പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്ക്, കോന്നി റീജണൽ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നടന്നത് കരുവന്നൂർ മോഡൽ ക്രമക്കേടുകളാണെന്ന് ഇ.ഡിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബാങ്കുകളിൽ പരിശോധന നടത്തുന്നതിന് മുന്നോടിയായിട്ടാണ് കേന്ദ്രധനമന്ത്രാലയത്തിന് ഇ.ഡി റിപ്പോർട്ട് നൽകിയതെന്ന് അറിയുന്നു. ബാങ്കുകളിൽ അംഗങ്ങളല്ലാത്തവർക്ക് വായ്പ നൽകുകയും അംഗങ്ങളല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. ഓഡിറ്റിംഗിൽ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. മൈലപ്ര ബാങ്കിൽ 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തൽ. ഒരു പ്രമാണം ഈടാക്കി വച്ച് 10 പേർക്ക് വരെയാണ് വായ്പ നൽകിയത്.

മൈലപ്ര സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ച് മുൻ സെക്രട്ടറിയെ അടക്കം അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. സഹകരണ നിയമങ്ങൾ കാറ്റിൽ പറത്തി മൈലപ്രയിൽ കോടിക്കണക്കിനു രൂപയുടെ അനധികൃത വായ്പയും ബിനാമി ഇടപാടുകളുമാണ് നടന്നതെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുൻ സെക്രട്ടറി ജോഷ്വാ മാത്യു, മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവരെയാണ് പൊലീസ് പ്രതി ചേർത്തിരുന്നത്. ജെറി ഈശോ ഉമ്മൻ സി.പി.എം ഏരിയാ കമ്മിറ്റിയംഗമാണ്. ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളും മറ്റും കാരണം വിശ്രമത്തിലായ ജെറി ഈശോ ഉമ്മനെതിരേ നടപടികൾ ഒഴിവാക്കി.

മൈലപ്ര ബാങ്കിൽ 89 ബിനാമി വായ്പകളിൽ 86.12 കോടിയുടെ നഷ്ടം

വായ്പ എടുത്തവർ തിരിച്ചടച്ചില്ല

ബിനാമി വായ്പക്കാരിൽ ഏറെയും മൈലപ്ര ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ളവരാണ്. വായ്പയുടെ ജാമ്യവ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല.
25 ലക്ഷം വരെ വായ്പ ലഭിച്ചവർ തിരിച്ചടച്ചില്ല. കാലാവധി എത്തുമ്പോൾ മുതലും പലിശയുമടക്കം ചേർത്ത് ആ തുക പുതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. കോട്ടയം ജില്ലയിലെ മൂന്നു പ്രാഥമിക സഹകരണസംഘങ്ങളിൽ മൈലപ്രാ ബാങ്ക് കോടികളുടെ നിക്ഷേപം നടത്തി. ഈ സംഘങ്ങൾ പിന്നീട് പൂട്ടിപ്പോയി. ബാങ്കിന്റെ അതിർത്തി ലംഘിച്ച് നിരവധി പേർക്ക് ബിനാമി വായ്പകൾ നൽകി.
മൈലപ്ര സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ ഇനത്തിൽ 3.94 കോടി രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി.

കോന്നി റീജിയണൽ സഹകരണ ബാങ്കിൽ 2017 ഫെബ്രുവരിയിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റ് വി.ബി.ശ്രീനിവാസനെ പുറത്താക്കി. ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി പൊലീസിൽ പരാതി നൽകി. ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തിയത്.

Advertisement
Advertisement