മുംബയ് പഴയ മുംബയ് തന്നെ
രണ്ടാം ജയവുമായി മുംബയ് ഇന്ത്യൻസ്
ആർ.സി.ബിയെ കീഴടക്കിയത് ഏഴു വിക്കറ്റിന്
ഡുപ്ളെസിക്കും(61) രജത്തിനും (50)കാർത്തിക്കിനും (53*)അർദ്ധസെഞ്ച്വറികൾ
മുംബയ് : ആദ്യ മൂന്ന് മത്സരങ്ങളിൽ തുടർതോൽവികൾ വഴങ്ങിയ ഹാർദിക് പാണ്ഡ്യയുടെ മുംബയ് ഇന്ത്യൻസ് തിളക്കമാർന്ന രണ്ടാം വിജയവുമായി ആരാധകരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നു. ആർ.സി.ബിക്ക് എതിരായ ഐ.പി.എൽ മത്സരത്തിൽ ഏഴു വിക്കറ്റിന്റെ തകർപ്പൻ വിജയം 27 പന്തുകൾ അവശേഷിപ്പിച്ച് നേടിയെടുത്തതോടെ മുംബയ് ടീം പഴയ മുംബയ് ടീം തന്നെയെന്ന പ്രതീതിയും ജനിപ്പിക്കാനായി.
ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി ഡുപ്ളെസി (61), രജത് പാട്ടീദാർ (50), ദിനേഷ് കാർത്തിക്ക് (53*) എന്നിവരുടെ അർദ്ധസെഞ്ച്വറി മികവിലാണ് നിശ്ചിത 20 ഓവറിൽ 196/8 എന്ന സ്കോർ ഉയർത്തിയത്.മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി 34 പന്തുകളിൽ ഏഴുഫോറും അഞ്ചു സിക്സുമടക്കം 69 റൺസടിച്ച ഇഷാൻ കിഷൻ, 19 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സുമടക്കം 52 റൺസ് നേടിയ സൂര്യകുമാർ യാദവ്, 24 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സുമടിച്ച് 38 റൺസ് നേടിയ രോഹിത് ശർമ്മ,ആറുപന്തുകളിൽ മൂന്ന് സിക്സടക്കം 21 റൺസ് നേടി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യ എന്നിവരാണ് തകർപ്പൻ ചേസിംഗ് ജയം പിടിച്ചെടുത്തത്.
ഇന്നലത്തെ വിജയത്തോടെ അഞ്ചുകളികളിൽ നാലു പോയിന്റുമായി മുംബയ് ഇന്ത്യൻസ് ഏഴാം സ്ഥാനത്തേക്കുയർന്നു.ആറുകളികളിൽ അഞ്ചാം തോൽവി വഴങ്ങിയ ആർ.സി.ബി രണ്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് ഓപ്പണർ വിരാട് കൊഹ്‌ലിയേയും (3),ഫസ്റ്റ് ഡൗൺ വിൽ ജാക്സിനെയും (8) തുടക്കത്തിലേ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്ത ഫാഫ് ഡുപ്ളെസിയും (40 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം 61 റൺസ്) രജത് പാട്ടീദാറും (26 പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സുമടക്കം 50 റൺസ്) ഇന്നിംഗ്സിന് അടിത്തറ പാകുകയായിരുന്നു. മൂന്നാം ഓവറിൽ ബുംറയുടെ പന്തിൽ കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകിയാണ് വിരാട് മടങ്ങിയത്. അടുത്ത ഓവറിൽ ആകാഷ് മധ്‌വാൾ ജാക്സിനെ ഡേവിഡിന്റെ കയ്യിലെത്തിച്ചു. ഇതോടെ ആർ.സി.ബി 23/2 എന്ന നിലയിലായി.
തുടർന്ന് നായകൻ ഡുപ്ളെസിയും പാട്ടീദാറും ചേർന്ന് കളം ഭരിച്ചു. ഏഴാം ഓവറിൽ 50 കടന്ന ടീം 12-ാം ഓവറിൽ 105 ലെത്തിയപ്പോഴാണ് പാട്ടീദാറിനെ കോറ്റ്സെ പറഞ്ഞയച്ചത്. പിന്നാലെ മാക്സ്‌വെൽ (1) ശ്രേയസ് ഗോപാലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി മടങ്ങി. തുടർന്നിറങ്ങിയ ദിനേഷ് കാർത്തിക് അവസാനം വരെ പുറത്താകാതെ നിന്ന് നേടിയ അർദ്ധസെഞ്ച്വറിയാണ് ആർ.സി.ബിയെ 196ലെത്തിച്ചത്. 23 പന്തുകൾ നേരിട്ട കാർത്തിക് അഞ്ചു ഫോറും നാലുസിക്സും പായിച്ചു. മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 21 റൺസ് വഴങ്ങി അഞ്ചുവിക്കറ്റുകൾ വീഴ്ത്തി.
ഇന്നത്തെ മത്സരം : ലക്നൗ Vs ഡൽഹി
7.30 pm മുതൽ