ആലപ്പുഴയുടെ ആ പ്രശ്നത്തിന് ഇനി പരിഹാരം,​ തീരുമാനം ഇന്ന് നടപ്പാക്കും

Friday 12 April 2024 12:18 AM IST

കോട്ടയം : മാർച്ച് 15 ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ട് ഏറെ പ്രതിഷേധത്തിനൊടുവിൽ ഇന്ന് തുറക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപദേശകസമിതി യോഗത്തിൽ തീരുമാനം. 90 ഷട്ടറുകൾ യന്ത്രസംവിധാനം ഉപയോഗിച്ച് രാരാവിലെ 10 മുതൽ തുറന്ന് തുടങ്ങും. ശക്തമായ ഒഴുക്കിൽ ഷട്ടറിന് അപ്പുറത്ത് നിന്ന് മത്സ്യങ്ങൾ ഒഴുകിയെത്തുമെന്നതിനാൽ വല വിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ചാകരയാണ്.

അപ്പർകുട്ടനാട് മേഖലയിൽ 60 ശതമാനം നെല്ല് മാത്രമാണ് കൊയ്തത്. ജെ ബ്ലോക്ക് ഒൻപതിനായിരത്തിൽ കരപ്പാടത്തെ 900 ഏക്കറിലെ നെല്ല് കൊയ്തെങ്കിലും കായൽ നിലങ്ങളിൽ 900 ഏക്കറിലെ നെല്ല് ഇനിയും കൊയ്യാനുണ്ട്. ബണ്ട് തുറന്ന് ഉപ്പ് വെള്ളം കയറിയാൽ നെല്ല് നശിക്കുമെന്നതിനാൽ ബണ്ട് തുറക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ നാലുമാസത്തോളമായി ബണ്ട് അടഞ്ഞു കിടക്കുന്നതിനാൽ പായലും പോളയും നിറഞ്ഞ് വേമ്പനാട്ടുകായലും സമീപ തോടുകളും കുപ്പത്തൊട്ടിയായി. ജലജന്യരോഗങ്ങളും പടർന്നു. ജലഗതാഗതത്തെയും,​ കായൽ ടൂറിസത്തെയും സാരമായി ബാധിച്ചു. മത്സ്യസമ്പത്തും കുറഞ്ഞ സാഹചര്യത്തിൽ ബണ്ട് തുറക്കുന്നത് ഇനിയും നീട്ടിയാൽ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുമെന്നതിനാലാണ് കർഷകരുടെ ആവശ്യം തള്ളിയത്.

മാലിന്യം നീങ്ങാൻ സമയമെടുക്കും

കാഞ്ഞിരം വെട്ടിക്കാട് തോട്ടിൽ പോള നിറഞ്ഞതിനാൽ ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തെ നെല്ല് വള്ളത്തിൽ കയറ്റി കൊണ്ടുപോകാതെ കിടക്കുകയാണ്. ബണ്ട് തുറന്ന് ഒഴുക്ക് വന്ന് പോളയും പായലും മാറിയാലേ ഇത് കരയ്ക്കെത്തിക്കാനാകൂ. പോളയും പായലും നിറഞ്ഞിടത്ത് കടകൽ പുല്ല് വളർന്നു നിൽക്കുകയാണ്. ബണ്ട് തുറന്നാലും ശക്തമായ ഒഴുക്കും വേലിയേറ്റവും ഉണ്ടായാലേ ഇവ ഒഴുകി മാറൂ. കായലിലെ വെള്ളം കടൽ എടുക്കാത്ത പ്രതിഭാസമുള്ളതിനാൽ മാലിന്യങ്ങൾ നീങ്ങാൻ ഏറെ സമയമെടുക്കും.

''ഏറെ വൈകിയെങ്കിലും ബണ്ട് തുറക്കാനുള്ള തീരുമാനം ഉചിതമാണ്. പാരിസ്ഥിക സന്തുലിതാവസ്ഥ നിലനിറുത്താൻ ബണ്ട് എല്ലാക്കാലവും പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടണം. അല്ലെങ്കിൽ കാർഷിക കലണ്ടർ അനുസരിച്ച് കൃത്യമായി തുറക്കണം.

ഡോ.കെ.ജി പത്മകുമാർ (കായൽ ഗവേഷകൻ)

Advertisement
Advertisement