30,000 തവണ പൈപ്പ് പൊട്ടി, കേരളത്തിലെ ഒരു ജില്ലയില്‍ മൂന്ന് വര്‍ഷം കൊണ്ട് സംഭവിച്ചതാണ്

Friday 12 April 2024 12:23 AM IST

തിരുവനന്തപുരം: നിരന്തരമുള്ള പൈപ്പ് പൊട്ടലില്‍ വെള്ളം കുടിച്ച് ജലഅതോറിട്ടി.തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 29,143 തവണയാണ് പൈപ്പ് പൊട്ടിയത്.ഏറ്റവും കൂടുതല്‍ പൈപ്പുപൊട്ടല്‍ ആറ്റിങ്ങല്‍ സെക്ഷനിലാണ്, 6635 തവണ. ഏറ്റവും കുറവ് ശാസ്തമംഗലം സെക്ഷനിലും - 10. പൈപ്പ് പൊട്ടലുകളിലൂടെ ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട ജലത്തിന്റെ 40 ശതമാനം നഷ്ടമാകുന്നെന്നാണ് ജലഅതോറിട്ടിയുടെ കണക്ക്.ജലഅതോറിട്ടിക്ക് ഏറ്റവും കൂടുതല്‍ വരുമാനമുള്ള റവന്യൂ ഡിവിഷനും തിരുവനന്തപുരമാണ്.

പഴഞ്ചന്‍ പൈപ്പുകള്‍

പ്രധാന കുടിവെള്ള ലൈനുകളിലെ പൈപ്പുകളുടെ കാലപ്പഴക്കം ഏറെയാണ്. 30 മുതല്‍ 50 വര്‍ഷം വരെ പഴക്കമുള്ള പൈപ്പുകളാണ് പലയിടത്തും.കവടിയാറില്‍ നിന്ന് തുടങ്ങി പട്ടം,മരപ്പാലം വഴി മെഡിക്കല്‍ കോളേജില്‍ അവസാനിക്കുന്ന ലൈനിലാണ് കാലപ്പഴക്കം ചെന്ന പൈപ്പുകളേറെയും.പ്രധാന റോഡുകള്‍ കടന്നുപോകുന്ന ലൈനുകളായതിനാല്‍ പൈപ്പ് പൊട്ടിയാലുള്ള അറ്റകുറ്രപ്പണിയും ശ്രമകരമാണ്. മാത്രമല്ല റോഡ് ടാര്‍ ചെയ്യുന്നത് അടക്കമുള്ള സാമ്പത്തിക ബാദ്ധ്യത വേറെ. പൈപ്പിനുള്ളിലെ മര്‍ദ്ദം ക്രമാതീതമായി ഉയരുന്നതാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടലിന് കാരണമെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ പറയുന്നു.

2018ല്‍ നഗരത്തിലെ വെള്ളയമ്പലം ഒബ്‌സര്‍വേറ്ററി മുതല്‍ ആയൂര്‍വേദ കോളേജ് വരെയും പേരൂര്‍ക്കട - മുതല്‍ മണ്‍വിള വരെയും പഴയ എച്ച്.ഡി.പി.ഇ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ ജല അതോറിട്ടി ടെന്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ട്രാക്ടര്‍മാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് 2020ല്‍ കരാര്‍ റദ്ദാക്കി. നിലവില്‍ ഒബ്‌സര്‍വേറ്ററി - ആയൂര്‍വേദ കോളേജ് റൂട്ടിലെ 4കിലോമീറ്റര്‍ ദൂരം ഒരു കരാറുകാരനും പേരൂര്‍ക്കട - മണ്‍വിള ലൈനിലെ 12 കിലോമീറ്റര്‍ ദൂരം മറ്റൊരു കരാറുകാരനുമാണ് ജോലികള്‍ ചെയ്യുന്നത്. 2022ല്‍ പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും മൂന്നിലൊന്ന് ജോലികള്‍ മാത്രമാണ് തീര്‍ന്നത്.രണ്ടാമത്തെ കരാറുകാരന്‍ ഇതുവരെ പണികള്‍ തുടങ്ങിയിട്ടുപോലുമില്ല.

പൊട്ടലുകള്‍ (സെക്ഷന്‍, എണ്ണം എന്ന ക്രമത്തില്‍)

നെടുമങ്ങാട് - 4678 കരമന - 2269 വര്‍ക്കല - 2171 പാളയം - 1947 പാറ്റൂര്‍ - 1799 കുര്യാത്തി - 1711 നെയ്യാര്‍ - 1496 പോങ്ങുംമൂട് - 1338 പാറശാല - 1232 പേരൂര്‍ക്കട - 1172 കഴക്കൂട്ടം - 1163 കവടിയാര്‍ - 923 പാലോട് - 530 അരുവിക്കര - 64 ശാസ്തമംഗലം - 10