കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്, അതീവ ജാഗ്രത

Friday 12 April 2024 9:22 AM IST

കൊല്ലം: കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. പനവേലിയിൽ എംസി റോഡിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

അപകടത്തിന് പിന്നാലെ ഇന്ധന ചോർച്ചയുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലോറി ഉയർത്താനുള്ള ശ്രമം തുടരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ മറിഞ്ഞു. പരിക്കേറ്റ ഡ്രൈവറെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കരയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവ സ്ഥലത്തുണ്ട്. എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. വെട്ടിക്കവലയിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.