ബോചെയുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രമം വിജയിച്ചു, അബ്‌ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി 45 ലക്ഷം പിരിച്ചെടുത്ത് കേരളം, നന്ദി പറഞ്ഞ് നിയമസഹായ സമിതി

Friday 12 April 2024 5:58 PM IST

കോഴിക്കോട്: സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള ജനകീയ സമിതിയുടെ ശ്രമങ്ങൾക്ക് മലയാളികൾ കൈമെയ് മറന്ന് മുന്നിട്ടിറങ്ങി. റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ രണ്ട് ദിവസം മുൻപ് തന്നെ സമാഹരിക്കാൻ കഴിഞ്ഞു. 18 വർഷത്തോളമായി അബ്‌ദുൾ റഹീമിനെ കാത്തിരിക്കുന്ന 75കാരിയായ ഉമ്മ ഫാത്തിമയുടെ സങ്കടം മെല്ലെ സന്തോഷത്തിന് വഴിമാറുകയാണ്. വൈകാതെ നാട്ടിലേക്ക് അബ്‌ദുൾ റഹീമിന് മടങ്ങിവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

നാല് ദിവസം മുൻപ് അഞ്ച് കോടി മാത്രമായിരുന്നു സമിതിക്ക് ലഭിച്ചത്. ധനസമാഹരണത്തിന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ‌ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിലെ വിവിധതുറകളിലുള്ള ജനങ്ങൾ ധനസഹായവുമായി മുന്നോട്ടുവന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവോരങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ ജനങ്ങളോട് സഹായം തേടിയിരുന്നു. മോചനദ്രവ്യം നൽകാനുള്ള കാലാവധി നീട്ടാൻ സൗദി അധികൃതരുമായി നയതന്ത്ര ഇടപെടൽ നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവർ രക്ഷാധികാരികളായതാണ് റഹീമിന്റെ മോചനദ്രവ്യത്തിനായി ശ്രമിക്കുന്ന ജനകീയ സമിതി. അറബിയുടെ ഭിന്നശേഷിക്കാരനായ 15 വയസുള്ള മകനെ പരിചരിച്ചിരുന്ന റഹീമിന്റെ കൈ അറിയാതെ തട്ടി കുട്ടിയുടെ കഴുത്തിൽ ഭക്ഷണവും വെള്ളവും നൽകാൻ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറി കുട്ടി മരിച്ചതിലാനാണ് വധശിക്ഷ വിധിച്ചത്. 2006ലായിരുന്നു സംഭവം.

Advertisement
Advertisement