വിഷുക്കണിയൊരുക്കാൻ പൈങ്ങോട്ടൂർ കണിവെള്ളരി

Saturday 13 April 2024 12:15 AM IST

മൂവാറ്റുപുഴ: മേടമാസ പുലരിയിൽ പൊൻകണിയൊരുക്കി വിഷുവിനെ വരവേൽക്കാൻ പൈങ്ങോട്ടൂരിൽ നിന്ന് കണിവെള്ളരി വിപണിയിലേയ്ക്ക്. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടൂർ, കടവൂർ, സൗത്ത് പുന്നമറ്റം പാടശേഖരങ്ങളിലാണ് സ്വർണ വർണ്ണത്തിൽ ആയിരകണക്കിന് കണിവെള്ളരികൾ വിളഞ്ഞ് നിൽക്കുന്നത്.

15 ടണ്ണോളം കണി വെള്ളരിയാണ് ഇക്കുറി വിപണിയിലെത്തുന്നത്. പൈങ്ങോട്ടൂർ കൃഷി ഭവന് കീഴിലുള്ള കർഷകരായ കടവൂർ പുള്ളോലിക്കൽ ജേക്കബ്, കണവള്ളിത്താഴത്ത് രാജു എന്നിവരുടെ സൗത്ത് പുന്നമറ്റം പാടശേഖരത്തിലാണ് കണി വെള്ളരി കൃഷിയൊരുക്കിയത്.

പാരമ്പര്യ കർഷകരായ ജേക്കബ് രണ്ടര ഏക്കർ സ്ഥലത്തും രാജു ഒരേക്കർ സ്ഥലത്തുമാണ് മുടിക്കോട് ഇനത്തിൽ പെട്ട വെള്ളരി കൃഷി ചെയ്തത്. നല്ല ആകൃതിയും വലിപ്പവും കാണാൻ ചന്തവുമുള്ള വെള്ളരിക്ക് മാർക്കറ്റുകളിൽ നല്ല ഡിമാന്റാണ്.

കഴിഞ്ഞ വിഷുവിന് മെച്ചപ്പെട്ട വില ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇക്കുറി കൃഷി വ്യാപകമാക്കിയത് . വിളവെടുത്ത കണിവെള്ളരി കിലോഗ്രാമിന് 20- 30 രൂപക്കാണ് മൊത്തവ്യാപാരികൾ വാങ്ങുന്നത്. വിപണിയിൽ 35-40 രൂപയാണ് കിലോയ്ക്ക് വില്പന. മൂവാറ്റുപുഴ, തൊടുപുഴ ഓപ്പൺ മാർക്കറ്റ്, കടവൂർ ക്ലസ്റ്റർ മാർക്കറ്റ്, പോത്താനിക്കാട് വി.എഫ്.പി.സി.കെ മാർക്കറ്റ്, മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് കിഴക്കൻ മേഖലയിലെ പച്ചക്കറി കടകളിൽ അടക്കം ഇക്കുറി പൈങ്ങോട്ടൂരിന്റെ കണിവെളളരി സ്ഥാനം പിടിച്ച് കഴിഞ്ഞു. അതേസമയം അടുത്ത ദിവസങ്ങളിൽ മൈസൂരു, മഞ്ചേരി എന്നിവിടങ്ങളിൽനിന്നു കൂടുതൽ കണിവെള്ളരി എത്തിയാൽ വില ഇടിയാൻ സാദ്ധ്യതയുണ്ടെന്നും കർഷകർ പറയുന്നു.

Advertisement
Advertisement