കോൺഗ്രസിന് പാവങ്ങളുടെ ചില്ലിക്കാശ് മതി : സതീശൻ

Saturday 13 April 2024 12:54 AM IST

 സി.പി.എം- ബി.ജെ.പി ഡീലിൽ ജനം പ്രതികരിക്കും

 ഇത് കെടുകാര്യസ്ഥത മുഖമുദ്ര‌യാക്കിയ സർക്കാർ

 ബി.ജെ.പി അക്കൗണ്ടിന് യു.ഡി.എഫ് സമ്മതിക്കില്ല

 രാഹുലിനെ ജനം സ്വീകരിക്കുന്നത് കുടുംബാംഗമായി

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യമായി പാവപ്പെട്ടവരുടെ ചില്ലിക്കാശുകൊണ്ട് ജയിക്കാൻ പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്നു പറഞ്ഞതിൽ മതേതര കേരളം യു.ഡി.എഫ് തീരുമാനത്തെ അഭിനന്ദിക്കുമെന്നും, സി.പി.എം- ബി.ജെ.പി അന്തർധാരയിൽ ജനങ്ങളുടെ പ്രതികരണം ഉറപ്പാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രസക്ത ഭാഗങ്ങൾ:

 ഫണ്ടിന്റെ അപര്യാപ്തത പ്രചാരണത്തെ ബാധിക്കുന്നുണ്ടോ?

പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ട് ഭരണകൂടം മരവിപ്പിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഞങ്ങൾ ഞെട്ടിപ്പോയി. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാതെ വിഷമിച്ചു. പണത്തിന് ബുദ്ധിമുട്ടുണ്ട്. പക്ഷേ പ്രചാരണത്തിനായി വീടുകൾ കയറുമ്പോൾ സാധാരണക്കാരായ ആളുകൾ ഇതു മനസിലാക്കി ഞങ്ങൾക്ക് ചെറിയ സംഖ്യകൾ സംഭാവന നൽകുകയാണ്. പണത്തേക്കാൾ പ്രധാനം ജനപിന്തുണയാണ്. പാവപ്പെട്ടവരുടെ ചില്ലിക്കാശു കൊണ്ട് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ആദ്യമായി ജയിക്കാൻ പോകുകയാണ്.

 സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണത്തിൽ ജനങ്ങൾ പ്രതികരിക്കുമോ?

ഉറപ്പായും പ്രതികരിക്കും. അവിഹിതമായ കൂട്ടുകെട്ടിനെപ്പറ്റി ജനങ്ങൾക്ക് ബോദ്ധ്യമുണ്ട്. ലാവ്‌ലിൻ കേസ് ആറരക്കൊലമായി സുപ്രീം കോടതിയിലുണ്ട്. സി.ബി.ഐ കൊടുത്ത പെറ്റീഷനാണ്. 22 തവണ രജിസ്ട്രിയിലും 38 തവണ കോടതിയിലും മാറ്റിവച്ചു. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രിയുടെ മൊഴി പോലുമെടുത്തിട്ടില്ല. മാസപ്പടി വിവാദത്തിൽ രണ്ട് കേന്ദ്ര ഏജൻസികൾ അഴിമതി കണ്ടെത്തി. എസ്.എഫ്.ഐ.ഒ അന്വേഷണ കാലാവധി എട്ടുമാസമാക്കിയത് കേസ് വലിച്ചു നീട്ടാനാണ്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ കുഴൽപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ സഹായമുണ്ടായി. നേർക്കുനേർ യു.ഡി.എഫ് - എൽ.ഡി.എഫ് മത്സരം നടക്കുന്ന ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥികൾ മിടുക്കരെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രചാരണം മോദിക്കെതിരെയല്ല; കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെയാണ്. കാരണം ബി.ജെ.പിയെയും തനിക്കെതിരായ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെയും അദ്ദേഹത്തിന് ഭയമാണ്.

 രാഹുൽ ഗാന്ധിയുടെ പര്യടനത്തിൽ ലീഗിന്റേതടക്കം ആരുടെയും കൊടി ഉപേയാഗിക്കാത്ത് ബി.ജെ.പിയെ ഭയന്നിട്ടല്ലേ?

2019-ൽ കൊടി വച്ചപ്പോൾ വിവാദമാക്കിയത് ബി.ജെ.പിയാണ്. ഇപ്പോൾ വിവാദമാക്കുന്നത് പിണറായി വിജയനാണ്. ഇക്കാര്യത്തിൽ സ്മൃതി ഇറാനിക്കും പിണറായിക്കും ഒരേ ഭാഷയാണ്. മുഖ്യമന്ത്രി പറയുന്നതു തന്നെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആവർത്തിക്കുന്നു. ഇതെല്ലാം ഒരുമിച്ചു തയ്യാറാക്കുന്ന പ്രസ്താവനയാണോ എന്ന് സംശയിക്കണം. ഹിന്ദു വിരുദ്ധ പാർട്ടിയായി കോൺഗ്രസിനെ ചിത്രീകരിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേത്. നെഹ്‌റുവിന്റെ കാലത്ത് ലീഗുമായി തുടങ്ങിയ സഹോദരബന്ധമാണ്. അതിനെ വർഗീയവൽക്കരിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ പിണറായി അതിന് കൂട്ടുനിൽക്കുന്നു.

 2019-ൽ കേരളത്തിൽ രാഹുൽ ഗാന്ധിക്കു ലഭിച്ച സ്വീകാര്യത ഇപ്പോഴുണ്ടോ?​

അതിനേക്കോൾ വലിയ സ്വീകാര്യത ലഭിക്കും. 2019-ൽ രാഹുൽ എത്തിയപ്പോൾ ഉള്ളതിന്റെ ഇരട്ടിയിലധികം ആളുകൾ ഇപ്പോഴുണ്ടായിരുന്നു. അന്ന് പുതുമയെങ്കിൽ ഇന്ന് കുടുംബാംഗമെന്ന നിലയിലാണ് സ്വീകരണം ലഭിക്കുന്നത്.

 തിരുവനന്തപുരം, തൃശ്ശൂർ മണ്ഡലങ്ങളിൽ ബി.ജെ.പി സൃഷ്ടിക്കുന്ന മത്സരത്തെ എങ്ങനെ വിലയിരുത്തുന്നു?

കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യു.ഡി.എഫും സമ്മതിക്കില്ല. അവർക്ക് ഇടമുണ്ടാക്കാനാണ് സി.പി.എം ശ്രമം. ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നത് സി.പി.എം സ്ഥാനാർത്ഥികളല്ല. അതിന്റെ അപകടവും ഞങ്ങൾ മനസിലാക്കുന്നുണ്ട്. രണ്ടിടത്തെയും ബി.ജെ.പി സ്ഥാനാർത്ഥികളെ കുറിച്ച് മിടുമിടുക്കരെന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. എന്തെങ്കിലും ഡീൽ ഇവിടങ്ങളിൽ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.

 എസ്.ഡി.പി.ഐ പിന്തുണ ആശക്കുഴപ്പമുണ്ടാക്കിയോ?

ഇല്ല. അവരുമായി ചർച്ചകളോ ധാരണയോ ഉണ്ടായിരുന്നില്ല. ഏപ്രിൽ ഒന്നിന് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നു. അതേപ്പറ്റി യു.ഡി.എഫ് തീരുമാനമെടുത്തു വേണമായിരുന്നു പ്രതികരിക്കേണ്ടത്. മൂന്നിന് വയനാട്ടിൽ ചേർന്ന യു.ഡി.എഫ് യോഗത്തിൽ ഇത് അവതരിപ്പിച്ചപ്പോൾ പിന്തുണ സ്വീകരിക്കേണ്ടെന്ന തീരുമാനമാണ് ഏകകണ്ഠമായി ഉണ്ടായത്. ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നതിനാൽ പിന്തുണ സ്വീകരിക്കാനാവില്ലെന്ന നിലപാട് വിശദീകരിക്കുകയും ചെയ്തു. മതേതര കേരളം ഞങ്ങളുടെ തീരുമാനത്തെ അഭിനന്ദിക്കുമെന്നാണ് കരുതുന്നത്.

 പ്രതിപക്ഷ നേതാവായതിനു ശേഷം ആദ്യ പൊതുതിരഞ്ഞെടുപ്പാണ്. എങ്ങനെ വിലയിരുത്തുന്നു?

ഞങ്ങളുടെ ശക്തി കോൺ്രഗസിലും യു.ഡിഎഫിലുമുള്ള ഐക്യമാണ്. നന്നായി മുന്നൊരുക്കം നടത്തിയിട്ടുണ്ട്. മുന്നണിയിൽ കൂടിയാലോചനകളും,​ പാർട്ടി നേതാക്കൾ തമ്മിലുള്ള ആശയവിനിമയവും ഫലപ്രദമായി നടക്കുന്നുണ്ട്. എല്ലാവരും എന്നോട് നന്നായി സഹകരിക്കുന്നുണ്ട്. എന്റെ കുറവു പോലും മറ്റു നേതാക്കൾ നികത്തുന്നുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. കേരളം കണ്ട ഏറ്റവും മോശം സർക്കാരാണിത്. കെടുകാര്യസ്ഥത മുഖമുദ്ര‌യാക്കിയ ഇവർക്ക് ധിക്കാരമാണ്. സി.പി.എമ്മിന്റെ താഴേത്തട്ടിലേക്കും ഇത് പടരുന്നു. കേന്ദ്രത്തിന്റെ വർഗീയ അജൻഡ കേരളം അംഗീകരിക്കില്ല. ഇത്തവണ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും.

Advertisement
Advertisement