മൃഗാധിപത്യത്തിന്റെ കാലം വരുമോ?​

Saturday 13 April 2024 12:04 AM IST

സംസ്ഥാനത്ത് വന്യമൃഗ ശല്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. മനുഷ്യരോട് വിരോധമുള്ളതുകൊണ്ടല്ല,​ അവരുടെ സ്വന്തം ആവാസ വ്യവസ്ഥയിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും ദൗർലഭ്യം വരുന്നതുകൊണ്ടാണ് ആനയും കരടിയും പുലിയും കാട്ടുപോത്തുമൊക്കെ കാടു വിട്ട് നഗരമേഖലകളിലേക്കു പോലും എത്തുന്നത്. അനിയന്ത്രിതമായ വനം കയ്യേറ്റം കാരണം മൃഗങ്ങളുടെ ആവാസസ്ഥലം കുറഞ്ഞതും,​ വനനശീകരണവും മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ഇതിനു കാരണങ്ങളായുണ്ട്.

മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ ഇരുമ്പുവേലി കെട്ടുന്നതു മുതൽ സൈറൺ മുഴക്കുന്നതുവരെ പല പദ്ധതികളും കേൾക്കുന്നുണ്ട്. മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം വനജീവികളുടെ നിലനില്പ് ഉറപ്പാക്കേണ്ടുന്ന ബാദ്ധ്യതയും നമുക്കില്ലേ?​ അവ കൂടി ഉൾപ്പെടുന്നതാണ് നമ്മുടെ ജൈവ വ്യവസ്ഥയെന്നും,​ അതിലുണ്ടാകുന്ന താളപ്പിഴകൾ പ്രകൃതിയെയും,​ ക്രമേണ മനുഷ്യസമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മറക്കരുത്. കാട്ടിൽ വന്യജീവികൾക്ക് ആവശ്യമായ പഴങ്ങളും മറ്റു ഭക്ഷണവസ്തുക്കളും,​ കുടിക്കാനും കുളിക്കാനും ആവശ്യത്തിന് വെള്ളവും ലഭ്യമാക്കുന്നതിനുള്ള പദ്ധതി കൂടി സർക്കാരും വനംവകുപ്പും ആലോചിക്കണം. അതല്ലെങ്കിൽ,​ കഥകളിൽ മാത്രം കേട്ടുപരിചയമുള്ള മൃഗാധിപത്യത്തിന്റെ കാലം കേരളത്തിന് അന്യമാകില്ല!

വരുണവി,​ വൈഷ്ണവി

എസ്.എൽ.പുരം

അവധിക്കാല

ക്ളാസുകൾ

സംസ്ഥാനത്ത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിലെ സ്‌കൂളുകൾക്ക് മദ്ധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ കോടതി അനുമതി നൽകിയെങ്കിലും, കേരള സിലബസിലുള്ള പൊതുവിദ്യാലയങ്ങളിൽ അവധിക്കാലത്ത് ക്ലാസുകൾ വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പഠനഭാരം ചുമലിൽ വച്ചുകൊടുത്ത് കുട്ടികളുടെ അവധിക്കാലം ഹൈജാക്ക് ചെയ്യുന്നത് ക്രൂരതയാണെങ്കിലും,​ കേന്ദ്ര സിലബസ് സ്കൂളുകളിലെ കുട്ടികൾക്ക് കൂടുതൽ പഠനാവസരം ഉണ്ടെന്നു വരുന്നത് പൊതുവിദ്യാലയങ്ങളെ ഉപേക്ഷിക്കാൻ കുറേ രക്ഷിതാക്കൾക്കെങ്കിലും പ്രേരണയാകും. അതുകൊണ്ട്,​ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും അവധിക്കാല ക്ളാസുകളുടെ കാര്യത്തിൽ സർക്കാർ ഒരു പൊതു മാനദണ്ഡം നിശ്ചയിക്കണം. അതിനായി ആവശ്യമെങ്കിൽ കോടതിയെ സമീപിക്കണം. ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ക്ളാസും,​ മറ്റൊരു കൂട്ടർക്ക് കളിയുമെന്നു വരുന്നത് ശരിയല്ല. അത് ഔചിത്യവുമല്ല.

റോയ് വർഗീസ്,​

മുണ്ടിയപ്പള്ളി

Advertisement
Advertisement