യു.ഡി.എഫിനും കേരള വിരുദ്ധ സമീപനം: പിണറായി വിജയൻ

Saturday 13 April 2024 12:44 AM IST

ആലുവ: ആർ.എസ്.എസ് - ബി.ജെ.പി സംഘപരിവാർ സംഘടനകളെപ്പോലെ കേരള വിരുദ്ധ മനോഭാവമാണ് യു.ഡി.എഫും പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ചാലക്കുടി ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആലുവയിൽ സംഘടി​പ്പി​ച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വിജയിച്ച 18 അംഗസംഘവും രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറുകാർക്കൊപ്പമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ തെറ്റി​ദ്ധാരണ പരത്തിയാണ് യു.ഡി.എഫ് കേരളത്തിൽ മികച്ച വിജയം നേടിയത്. കൂടുതൽ അംഗബലമുള്ള കക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുകയെന്നും രാഹുൽഗാന്ധിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കണമെങ്കിൽ യു.ഡി.എഫിനെ ജയിപ്പിക്കണമെന്നും പ്രചരിപ്പിച്ചു. ശുദ്ധഗതിക്കാരായ മലയാളികൾ യു.ഡി.എഫ് കെണിയിൽ വീണു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എന്തുനിലപാടാണ് കഴിഞ്ഞ അഞ്ചുവർഷവും സ്വീകരിച്ചതെന്ന് നമുക്കറിയാം.