 മെമ്മറി കാർഡ് ദുരുപയോഗം മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകണം: ഹൈക്കോടതി

Saturday 13 April 2024 12:53 AM IST

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ശേഖരിച്ച മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസിൽ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകന്റെ എതിർപ്പ് കണക്കിലെടുക്കാതെയാണ് ജസ്റ്റിസ് കെ.ബാബുവിന്റെ നിർദ്ദേശം. മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിനെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന ഉപഹർജിയിൽ മേയ് 30ന് വിശദവാദം കേൾക്കും.


ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണം വേണ്ടവിധം നടന്നില്ലെന്നും അന്വേഷണ റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും ഉപഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അന്വേഷണംതേടി മുമ്പ് നൽകിയ ഹർജിയുടെ തുടർച്ചയായതിനാലാണ് ഉപഹർജി നൽകിയതെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ വാദിച്ചു. അതേസമയം സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും നീതിന്യായ സംവിധാനത്തെയടക്കം മോശമാക്കുന്നതാണിതെന്നും ദിലീപിനായി ഹാജരായ അഡ്വ. ഫിലിപ്പ് ടി.വർഗീസ് പറഞ്ഞു.


2018 ജനുവരി ഒന്നിന് രാത്രി 11.56ന് അങ്കമാലി കോടതിയിലെ മജിസ്‌ട്രേറ്റ് ലീന റഷീദും ഡിസംബർ 13ന് രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലായ് 19ന് പകൽ വിചാരണക്കോടതിയിലെ ശിരസ്തദാർ താജുദ്ദീനും മെമ്മറികാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ താജുദ്ദീന്റെ നടപടി മാത്രമാണ് നിയമവിരുദ്ധമെന്നും റിപ്പോർട്ടിലുണ്ട്.

Advertisement
Advertisement