ശബരിമലയിൽ നാളെ വിഷുക്കണി ദർശനം 

Saturday 13 April 2024 12:56 AM IST
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർ‌മ്മികത്വത്തിൽ ശബരിമലയിൽ ഇന്നലെ നടന്ന പടിപൂജ

ശബരിമല: വിഷു ഉത്സവം നടക്കുന്ന ശബരീശ സന്നിധിയിൽ നാളെ വിഷുക്കണി ദർശനം ഒരുക്കും. പുലർച്ചെ 4ന് നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ച് ആദ്യം അയ്യപ്പനെ കണികാണിക്കും. തുടർന്ന് ഭക്തർക്ക് ദർശനം നടത്താം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. രാവിലെ 7 വരെയാണ് കണിദർശനം. ഇതിനുശേഷമേ അഭിഷേകവും ഉഷപൂജയും മറ്റ് പതിവ് പൂജകളും ആരംഭിക്കു. 7.30ന് കുട്ടികൾക്കായി ചോറൂണ് വഴിപാട് നടക്കും. നെയ്യഭിഷേകം, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം ഉച്ചപൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവയ്ക്ക് ശേഷം രാത്രി 10ന് നടയടയ്ക്കും.