സി. പി. ഒ റാങ്ക് ലിസ്റ്റ് കാലാവധി തീർന്നു, കണ്ണീർമഴയിൽ 9946 പേർ

Saturday 13 April 2024 1:13 AM IST

തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന വെയിലിൽ ഇന്നലെ ഉച്ചയ്‌ക്ക് ഇടിവെട്ടിപ്പെയ്ത പെരുമഴയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയ സി.പി.ഒ ഉദ്യോഗാർത്ഥികൾ നിരാശരായി മടങ്ങി. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിനമായതിനാൽ രാത്രി 12 മണിവരെ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ ആയിരുന്നു അവരുടെ പ്രതീക്ഷ.
സർക്കാരിന്റെ കണ്ണുതുറപ്പിച്ച് ജോലി നേടാമെന്ന സ്വപ്നവുമായി 62 ദിവസത്തിലധികമായി സമരം ചെയ്ത 9946 ഉദ്യോഗാർത്ഥികൾ രാത്രിയോടെ വെറും കൈയുമായി വീട്ടിലേക്ക് മടങ്ങി. നേതാക്കൾ നൽകിയ വാക്കുകളിൽ വിശ്വസിച്ച് ഒടുവിൽ പറ്റിക്കപ്പെട്ടതിന്റെ സങ്കടവും അമർഷവുമായി....

സർക്കാർ അവഗണന സമൂഹത്തെ അറിയിക്കാനാണ് ഇവരുടെ തീരുമാനം. നേതാക്കൾ പറ്റിച്ച കഥകൾ പത്ര സമ്മേളനം വിളിച്ച് അറിയിക്കും. സമാധാനപരമായി സമരം തുടർന്നാൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന അവസാന ദിവസങ്ങളിൽ കൂട്ടത്തോടെ നിയമനം നല്‌കാമെന്നായിരുന്നായിരുന്നു നേതാക്കളുടെ വാഗ്ദാനമെന്ന് അവർ കേരളകൗമുദിയോട് പറഞ്ഞു. നാടും വീടും വിട്ടു വന്ന് പൊരിവെയിലത്ത് സമരം നടത്തിയ തങ്ങളെ ചർച്ചയ്ക്ക് പോലും വിളിച്ചില്ല.

പൊലീസിന്റെ ജോലിഭാരവും സമ്മർദ്ദവും കുറയ്ക്കാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ ആഭ്യന്തരവകുപ്പ് ശുപാർശ ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നടപ്പാക്കിയില്ല. ഡോ .വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ,​ സർക്കാർ ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനവും ഹൈവേ പൊലീസിൽ 700 ലധികം തസ്തികയിൽ നിയമനം നടത്തണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശവും നടപ്പാക്കാത്തതാണ് ഇവർക്ക് തിരിച്ചടിയായത്.

കഴിഞ്ഞ വർഷം നിലവിൽവന്ന റാങ്ക്പട്ടികയിൽ നിന്ന് 4,029 പേർക്കാണ് ഇതുവരെ നിയമനശുപാർശ ലഭിച്ചത്. അതിൽ 703 ഒഴിവുകൾ എൻ.ജെ.ഡി.യാണ്. 3,326 പുതിയ ഒഴിവുകൾ മാത്രമാണ് ആഭ്യന്തരവകുപ്പ് പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്തത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 5,610 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു.

യുവാക്കളോട് ശത്രുതാ മനോഭാവം: രാജീവ് ചന്ദ്രശേഖർ
സി.പി.ഒ റാങ്ക് ലിസ്റ്റ് റദ്ദായത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര മന്ത്രിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ പരാതി സഹിതം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിന് മറുപടി പോലും ലഭിച്ചില്ലെന്നത് ദൗർഭാഗ്യകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കെ. പി. സി. സി ആക്ടിംഗ് പ്രസിഡന്റ് എം. എം. ഹസൻ ഉദ്യോഗാർത്ഥികളെ സന്ദർശിച്ചു.

Advertisement
Advertisement