വിഴിഞ്ഞത്തെ തൊഴിൽ സാദ്ധ്യത യുവാക്കൾക്ക് നൈപുണ്യ പരിശീലനവുമായി സർക്കാർ

Saturday 13 April 2024 12:00 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ലോജിസ്റ്റിക് തൊഴിൽ സാദ്ധ്യതകൾ മുന്നിൽക്കണ്ട് യുവാക്കൾക്ക് നൈപുണ്യ വികസനത്തിൽ തീവ്രപരിശീലന പദ്ധതിയൊരുക്കി സർക്കാരിന്റെ നൈപുണ്യ വികസന ഏജൻസിയായ അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്)​.

അദാനി ഗ്രൂപ്പിന്റെ സ്‌കിൽ ഡെവലപ്മെന്റ് സെന്ററിലാണ് നിലവിൽ പരിശീലനം നൽകുന്നത്. സ്വകാര്യ മേഖലയിൽ ഒന്നരലക്ഷം രൂപ വരെ ചെലവുള്ള കോഴ്സുകൾ കുറഞ്ഞ ഫീസിൽ ഇവിടെ പഠിപ്പിക്കുന്നു. അസാപ്പിന്റെ ട്രാൻസിറ്റ് ക്യാമ്പസായാണ് സെന്റർ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം മുക്കോല പനവിളക്കാടുള്ള അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലേക്ക് മാറ്റും.

4 മേഖലകൾ
ലോജിസ്റ്റിക്സ്, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനസ്, അപ്പാരൽ എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് പരിശീലനം. ലോജിസ്റ്റിക് സപ്ളൈ ചെയിൻ മാനേജ്മെന്റ് അടക്കമുള്ള കോഴ്സുകളും ഭാവിയിൽ ആരംഭിക്കും. നൂതന സാങ്കേതിക വിദ്യയായ ഇന്റർനെറ്റ് ഒഫ് തിംഗ്സിലും (ഐ.ഒ.ടി) ഉടൻ പരിശീലനം തുടങ്ങും.

കോഴ്സുകൾ
ലാഷർ, ഐ.ടി.വി ട്രക്ക് ഓപ്പറേറ്റർ, വെയർഹൗസ് മാനേജ്മെന്റ്, ക്രെയിൻ ഓപ്പറേറ്റർ (തുറമുഖവുമായി ബന്ധപ്പെട്ടവ),​ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ബ്യൂട്ടിഷ്യൻ, ഹെയർ സ്റ്റൈലിസ്റ്റ്.

25 പേരടങ്ങുന്ന ബാച്ചുകൾ
ഓരോ കോഴ്സിലും 25 പേരടങ്ങുന്ന ബാച്ചാണുള്ളത്. രണ്ടു മാസമാണ് കാലാവധി. തിയറിയും പ്രാക്ടിക്കലും ഉണ്ടാകും. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലും പരിശീലനം നൽകും. തുറമുഖവുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് 20,​000 മുതൽ 30,​000 രൂപ വരെയും ജനറൽ കോഴ്സുകൾക്ക് 2000 മുതൽ 18,000 രൂപ വരെയുമാണ് ഫീസ്.

തുറമുഖ പദ്ധതി പ്രദേശത്തെ വിഴിഞ്ഞം, ഹാർബർ, മുല്ലൂർ, കോട്ടപ്പുറം, വെങ്ങാനൂർ എന്നീ കോർപ്പറേഷൻ വാർഡുകളിലെ യുവാക്കൾക്ക് പകുതി ഫീസ് നൽകിയാൽ മതി. ബാക്കി തുക അദാനിയുടെ സി.എസ്.ഐ.ആർ ഫണ്ടിൽ നിന്ന് ചെലവിടും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തുറമുഖത്തും അനുബന്ധ മേഖലയിലും വിദേശത്തും പ്ളേസ്‌മെന്റ് പിന്തുണയും ഒരുക്കും.

Advertisement
Advertisement