ഒടുവില്‍ ഡല്‍ഹി ജയിച്ചു, ലഖ്‌നൗ  സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചത് ആറ് വിക്കറ്റിന്

Friday 12 April 2024 11:19 PM IST

ലഖ്‌നൗ: ഐപിഎല്‍ സീസണില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് റിഷഭ് പന്ത് നയിക്കുന്ന ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യമായ 168 റണ്‍സ് ഡല്‍ഹി ആധികാരികമായി തന്നെ മറികടക്കുകയായിരുന്നു. 11 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ക്യാപിറ്റല്‍സ് വിജയിച്ചത്.

സ്‌കോര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 167-7(20), ഡല്‍ഹി ക്യാപിറ്റല്‍സ് 170-4 (18.1)

168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നാലാം ഓവറില്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെ 8(9) നഷ്ടമായി. യാഷ് താക്കൂറാണ് ക്ലീന്‍ ബൗള്‍ഡാക്കി വാര്‍ണറെ മടക്കിയത്. മൂന്നാം വിക്കറ്റില്‍ പൃഥ്വി ഷാ 32(22) അരങ്ങേറ്റ ഐപിഎല്‍ മത്സരം കളിക്കുന്ന ഓസീസ് താരം ജെയ്ക്ക് ഫ്രേസര്‍ മക്ഗര്‍ക്കിനെ കൂട്ടുപിടിച്ച് ടീം സ്‌കോര്‍ 50 കടത്തി. പിന്നീട് റിഷഭ് പന്തും 41(24) ഫ്രേസര്‍ മക്ഗര്‍ക്കും 55(35)അനായാസം ലക്ഷ്യത്തിലേക്ക് ബാറ്റ് വീശി. തുടരെ മൂന്ന് സിക്‌സറുകളടിച്ച് ഫ്രേസര്‍ മക്ഗര്‍ക്ക് അരങ്ങേറ്റം ഗംഭീരമാക്കി.

ഇരുവരെ പുറത്തായപ്പോള്‍ ഡല്‍ഹിക്കായി കളത്തില്‍ ഒന്നിച്ച വിന്‍ഡീസ് താരം ഷായ് ഹോപ്പ് 11*(10) , ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 15*(9) എന്നിവര്‍ ചേര്‍ന്ന് അനായാസ ജയത്തിലേക്ക് ക്യാപിറ്റല്‍സിനെ നയിക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ആര്‍സിബിയെ അവസാന സ്ഥാനത്ത് പിന്തള്ളി ഡല്‍ഹി ഒമ്പതാം സ്ഥാനത്തേക്ക് കയറി.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് 19(13), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 39(22) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മദ്ധ്യനിരയ്ക്ക് അത് മുതലാക്കാന്‍ കഴിഞ്ഞില്ല. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 3(6) ഇന്നും നിരാശപ്പെടുത്തി. മാര്‍ക്കസ് സ്റ്റോയിനിസ് 8(10), നിക്കോളസ് പൂരന്‍ 0(1), ഇംപാക്ട് പ്ലെയര്‍ ദീപക് ഹൂഡ 10(13), ക്രുണാല്‍ പാണ്ഡ്യ 3(4) എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ ഒരവസരിത്തില്‍ ലഖ്‌നൗ സ്‌കോര്‍ 13 ഓവറില്‍ 94ന് ഏഴ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു.

എന്നാല്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ യുവതാരം ആയുഷ് ബദോനി 55*(35), അര്‍ഷദ് ഖാന്‍ 20*(16) എന്നിവര്‍ പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ലഖ്‌നൗവിന് സ്വന്തം മൈതാനത്ത് പൊരുതാവുന്ന സ്‌കോര്‍ കുറിക്കാന്‍ കഴിഞ്ഞു. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ലഖ്‌നൗവിനെ പിടിച്ചുനിര്‍ത്തിയത്. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.