സുരേഷ് ഗോപി എം.പിയാവാൻ യോഗ്യനെന്ന് ഇടതു മേയർ
□വിവാദമായപ്പോൾ തിരുത്തി
തൃശൂർ : വോട്ടഭ്യർത്ഥിക്കാനെത്തിയ സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തി
ഇടതു മുന്നണി ഭരിക്കുന്ന തൃശൂർ കോർപ്പറേഷനിലെ മേയർ എം.കെ.വർഗീസ്.
വിവാദമായതോടെ, പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വിശദീകരിച്ച് സി.പി.എം നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തി മേയർ തലയൂരി.
കേരളം ഉറ്റുനോക്കുന്ന തൃശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്നലെ ഉച്ചയോടെയാണ് മേയർ എം.കെ.വർഗീസിനെ ചേംബറിൽ കാണാനെത്തിയത്. തുടർന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, സുരേഷ് ഗോപി എം.പിയാവാൻ ഫിറ്റായ വ്യക്തിയാണെന്ന് മേയർ പറഞ്ഞു. ജനങ്ങളുടെ ഇടയിൽ നിൽക്കുന്ന ആളാണ്. കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകി എന്നിങ്ങനെ സുരേഷ് ഗോപിയെ പുകഴ്ത്തി.ശക്തൻ നഗർ മാർക്കറ്റ് നവീകരണത്തിന് എം.പിയായിരിക്കെ ഒരു കോടി രൂപ സുരേഷ് ഗോപി നൽകിയിരുന്നു.
അതേസമയം, തൃശൂരിൽ ബി.ജെ.പി - സി.പി.എം ഡീൽ ഉറപ്പായെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പ്രതികരിച്ചു. ഡീൽ ഇല്ലെങ്കിൽ മേയറെ പുറത്താക്കാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ മേയർ, സി.പി.എം നേതാക്കളായ പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തിക്കൊപ്പം വാർത്താസമ്മേളനം നടത്തി സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർത്ഥികളും യോഗ്യരാണെന്ന് വ്യക്തമാക്കി. ഇടതുപക്ഷത്തിനൊപ്പം ഉറച്ചുഹനിൽക്കുമെന്നും പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജി വച്ച എം.കെ.വർഗീസ് സി.പി.എമ്മിന്റെ പിന്തുണയോടെയാണ് കോർപ്പറേഷൻ മേയറായത്. കോർപ്പറേഷനിൽ 25-24 എന്ന സീറ്റ് നിലയിലാണ് എൽ.ഡി.എഫും യു.ഡി.എഫും. ഒരാളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഇടതു ഭരണം.