ഇ.ഡി ബി.ജെ.പിയുടെ ബൂത്ത് ഏജന്റ്: സത്യദീപം

Saturday 13 April 2024 12:56 AM IST

കൊച്ചി: ബി.ജെ.പിയുടെ പോളിംഗ് ബൂത്ത് ഏജന്റുമാരായി ഇ.ഡി ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസികൾ മാറിയെന്ന് സിറോ മലബാർസഭ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ 'സത്യദീപത്തിൽ' വിമർശനം. പ്രതിപക്ഷ പാർട്ടികളെ രാഷ്ട്രീയമായി വേട്ടയാടുകയും സാമ്പത്തിക ഉപരോധത്തിലൂടെ തകർക്കാനും ബി.ജെ.പി ശ്രമിക്കുന്നു.

അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റുചെയ്തത് പ്രതികാര രാഷ്ട്രീയത്തിന്റെ സ്വേച്ഛാധിപത്യ ശൈലിയാണ്. നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമെടുത്ത കേസുകളിൽ 95ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരായത് യാദൃച്ഛികമല്ല. ബി.ജെ.പിയിലെത്തിയാൽ ആരുടെയും അഴിമതിക്കറകൾ കഴുകിമാറ്റപ്പെടുന്നു. കേജ്‌രിവാളിന്റെ അറസ്റ്റിൽ അമേരിക്കയുടെ പ്രതികരണത്തെ ഉപരാഷ്ട്രപതി നേരിട്ടത് ബി.ജെ.പിയുടെ പ്രതിപക്ഷമുക്ത രാഷ്ട്രനിർമ്മിതിയിൽ ഭരണഘടനാപദവി ദുരുപയോഗിക്കപ്പെടുത്തുന്നതിന്റെ തെളിവാണ്.

വേട്ടയാടൽ രാഷ്ട്രീയത്തിന് പിന്നാലെയാണ് കോൺഗ്രസിനെതിരെയുള്ള സാമ്പത്തിക ഉപരോധ നടപടികൾ. തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിനെ സാമ്പത്തികമായി തകർത്ത്, ആത്മവിശ്വാസം ചോർത്തി ഇല്ലാതാക്കുകയെന്ന അജൻഡയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും ഇടപെട്ടില്ല. സുപ്രീംകോടതിയിൽ നിന്നാണ് കോൺഗ്രസ് അനുകൂലവിധി നേടിയത്. രാജ്യംകണ്ട ഏറ്റവുംവലിയ അഴിമതിയായ ഇലക്ട‌റൽ ബോണ്ടിനെതിരെ സുപ്രീംകോടതി സ്വീകരിച്ച നിലപാട് ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്നതാണ്.

പതിനെട്ടാം ലോക്‌സഭയ്ക്കായുള്ള ഒരുക്കത്തിൽ നിതാന്തജാഗ്രത ആവശ്യമുണ്ട്. പ്രതിപക്ഷത്തെ സസ്‌പെൻഡ് ചെയ്ത് നിശബ്ദമാക്കിയ ചരിത്രം ആവർത്തിക്കരുത്. വർഗീയവിദ്വേഷത്തിന്റെ 'കേരള സ്റ്റോറി'യെ നല്ല പാഠമാക്കിയവർ മണിപ്പൂരിനെ മറന്നുപോയത് മന:പൂർവമാണ്. പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാൻ ഇസ്ലാംവിരുദ്ധതയെ വിഷയമാക്കി. എല്ലാവരും ഇ.ഡിപ്പേടിയിലാവുമ്പോൾ ഇടപെടൽ രാഷ്ട്രീയം ഇല്ലാതാകും. ചൂണ്ടുവിരലിലെ മഷിയടയാളം നാളത്തെ ജനാധിപത്യ മതേതര ഇന്ത്യയുടെ കൊടിയടയാളമാകണം.