വോട്ടെടുപ്പിന് കേരളത്തിൽ 62 കമ്പനി കേന്ദ്രസേന

Saturday 13 April 2024 12:58 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ കേരളത്തിലേക്ക് 62 കമ്പനി കേന്ദ്രസേനയെത്തും. കേരളം ആവശ്യപ്പെട്ടത് 131കമ്പനി കേന്ദ്രസേനയെയായിരുന്നു. സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, സശസ്ത്ര സീമാ ബാൽ, ദ്രുതകർമ്മസേന എന്നിവയിലെ സൈനികരാണെത്തുക.

9 എം.എം പിസ്റ്റൾ, ഇൻസാസ് റൈഫിൾ, ഇൻസാസ് ലൈറ്റ് മെഷീൻഗൺ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചറുകൾ, എ.കെ 47, എ.കെ.എം റൈഫിളുകൾ, ഇസ്രായേലി താവൂർ റൈഫിൾ ആയുധങ്ങളുമായാണ് കേന്ദ്രസേനയുടെ വരവ്.

ഒരു കമ്പനിയിൽ 70-100 അംഗങ്ങളുണ്ടാവും. സി.ആർ.പി.എഫിന്റെ 15കമ്പനി സംസ്ഥാനത്തുണ്ട്. 19ന് തമിഴ്നാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ് കൂടുതൽ സേനയെത്തും. 20 കമ്പനി തമിഴ്നാട്, കർണാടക പൊലീസുമെത്തും. പ്രശ്നബാധിത ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കും.തണ്ടർബോൾട്ട്, ദ്രുതകർമ്മസേന എന്നിവ വടക്കൻ ജില്ലകളിലുണ്ടാവും. മൂവായിരത്തിലേറെ പ്രശ്‌നബാധിത ബൂത്തുകളുണ്ട്.

എസ്.പിയുടേയോ സബ്ഡിവിഷണൽ ഉദ്യോഗസ്ഥരുടേയോ ഉത്തരവ് പ്രകാരമാവും കേന്ദ്രസേനയുടെ പ്രവർത്തനം. അതീവപ്രശ്ന സാദ്ധ്യതയുള്ള എ-വിഭാഗത്തിലെ ബൂത്തുകളിൽ നാല് വീതം കേന്ദ്രസേനാംഗങ്ങളും അതിനുതാഴെയുള്ള ബി-വിഭാഗം ബൂത്തുകളിൽ രണ്ടുവീതം സേനാംഗങ്ങളുമുണ്ടാവും. ഇവിടെ അധികം പൊലീസുമുണ്ടാവും. ഗ്രൂപ്പ് പട്രോൾ, പൊലീസ് പിക്കറ്റുകൾ, നിരീക്ഷണസംവിധാനം എന്നിവയൊരുക്കും. ക്രമസമാധാനപാലനം, തിരക്ക് നിയന്ത്രിക്കൽ, വോട്ടർമാരെ സഹായിക്കൽ എന്നിവയ്ക്കും കേന്ദ്രസേനയെ നിയോഗിക്കും.

കേന്ദ്രസേനയുടെ താമസം, ഭക്ഷണം, യാത്ര, വിന്യാസം മടക്കയാത്ര എന്നിവയ്ക്കെല്ലാമുള്ള ചെലവ് പൊലീസാണ് വഹിക്കുന്നത്. ഇത് കേന്ദ്രം തിരികെ നൽകും.

പൊലീസ്, എക്സൈസ്, വനം, മോട്ടോർ വാഹനം ഉദ്യോഗസ്ഥർ, ഹോംഗാർഡ് അടക്കം 50,000സേനാംഗങ്ങളെയും സുരക്ഷയ്ക്ക് നിയോഗിക്കും. വിമുക്തഭടന്മാരും വിരമിച്ചവരുമടക്കം 10000 സ്‌പെഷ്യൽപൊലീസ് ഓഫീസർമാരുമുണ്ടാവും.

സുരക്ഷാ സന്നാഹം

ബൂത്തുകളെ രൂക്ഷതയുടെ അടിസ്ഥാനത്തിൽ ഹൈപ്പർ സെൻസി​റ്റീവ്, സെൻസി​റ്റീവായി തിരിക്കും.

പ്രശ്‌നബാധിതമെന്നു കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് ദിവസം കേന്ദ്രസേനയെ വിന്യസിക്കും.

പ്രശ്നബാധിത മേഖലകളിലും ക്രമസമാധാന പ്രശ്നമുള്ളിടത്തും കേന്ദ്രസേന റൂട്ട്മൂർച്ച് നടത്തും.

Advertisement
Advertisement