ഒടുവിൽ കേരളം ചോദിച്ചു, തെങ്ങുകൃഷിക്ക് സഹായം  കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 36.05 കോടി

Saturday 13 April 2024 1:27 AM IST

കൊ​ച്ചി​: സംസ്ഥാന കൃഷിവകുപ്പിന് ഒടുവിൽ കർത്തവ്യ ബോധമുദിച്ചു. വർഷങ്ങൾക്കുശേഷം തെങ്ങുപുനരുദ്ധാരണ പദ്ധതി, നാളി​കേര നഴ്സറി, ജൈവവളം യൂണി​റ്റ് എന്നിവയ്ക്കടക്കം 36.05 കോടിയുടെ ഫണ്ടിനായി കേന്ദ്ര നാളികേര വികസന ബോർഡിനെ സമീപിച്ചു. ബോർഡ് അനുവദിച്ച ഫണ്ട് പൂർണമായി വിനിയോഗിക്കാതെ കേരളം തിരിച്ചടച്ചെന്നും കൂടുതൽ സഹായം ചോദിച്ചില്ലെന്നും പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാറില്ലെന്നും 'കേരളകൗമുദി' കഴിഞ്ഞ 10ന് മുഖ്യവാർത്തയായി നൽകിയിരുന്നു. തുടർന്നാണ് അടിയന്തര നടപടി.

കൃഷിവകുപ്പ് ഡയറക്ടർ ഇ മെയിലായി നാളികേര വികസന ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്ക് പ്രൊപ്പോസൽ അയയ്ക്കുകയായിരുന്നു. ലോക്‌സഭാ തി​രഞ്ഞെടുപ്പി​ന് ശേഷമാകും ഫണ്ട് അനുവദി​ക്കുക. ഇതിൽ നാളി​കേര നഴ്സറി​ക്ക് സംസ്ഥാന വി​ഹി​തമായി 1.6 കോടി നൽകണം.

കർണാടകയും തമി​ഴ്നാടും മാർച്ചിൽതന്നെ പ്രൊപ്പോസൽ നൽകിയിരുന്നു​. ആന്ധ്രാപ്രദേശാണ് ഇനി നൽകാനുള്ളത്. മൂന്ന് സംസ്ഥാനങ്ങളും പ്രൊപ്പോസലുകൾ സമർപ്പി​ച്ചും അധികഫണ്ട് ചോദി​ച്ചുവാങ്ങി​യും മുന്നേറുമ്പോൾ കേരളം ചോദിക്കാതെ കിട്ടുന്ന ചെറി​യതുകപോലും കൃത്യമായി​ വി​നി​യോഗി​ക്കാറി​ല്ലായി​രുന്നു. കഴി​ഞ്ഞ സാമ്പത്തി​കവർഷം ലഭി​ച്ചത് 2.88 കോടി​ മാത്രമാണ്. അധി​ക വി​ഹി​തം ആവശ്യപ്പെട്ടതുമി​ല്ല.

2017​-18​ ​മു​ത​ൽ​ 2021​-22​വ​രെ​ ​അ​നു​വ​ദി​ച്ച​ ​തു​ക നിശ്ചിത സമയത്തിനകം വി​നി​യോഗി​ക്കാത്തതിനാലാണ് 8.02​ ​കോ​ടി​​​ ​കേരളത്തിന് തി​രി​ച്ച​ടയ്ക്കേണ്ടിവന്നത്. 2018ലെ പ്രളയവും 2019ലെ വെള്ളപ്പൊക്കവും തുടർന്നുണ്ടായ കൊവി​ഡും ഫണ്ട് വി​നി​യോഗത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് കൃഷി​ വകുപ്പി​ന്റെ വി​ശദീകരണം.

കേരളം ആവശ്യപ്പെട്ടത്

തെങ്ങുപുനരുദ്ധാരണ പദ്ധതി;

6000 ഹെക്ടർ: 26.85 കോടി​

പ്രദർശനത്തോട്ടം;

3000 ഹെക്ടർ: 5.25 കോടി​

ജൈവവളം യൂണി​റ്റ്;

1000 എണ്ണം, 0.75 കോടി​

നാളി​കേര നഴ്സറി​;

3.2 കോടി​

ആകെ: 36.05 കോടി​

Advertisement
Advertisement