മലപ്പുറത്ത് കെഎസ്‌ആർടിസി ബസ് പത്തടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

Saturday 13 April 2024 7:44 AM IST

മലപ്പുറം: തലപ്പാറയിൽ കെഎസ്‌ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15ഓളം പേർക്ക് പരിക്കേറ്റു.

സർവീസ്‌ റോഡിലൂടെ പോകുകയായിരുന്ന ബസ്‌ പത്തടിയിലേറെ താഴ്ചയിലേക്കാണ്‌ മറിഞ്ഞത്‌. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ്‌ അമിതവേഗത്തിലായിരുന്നെന്ന്‌ യാത്രക്കാർ പറഞ്ഞു. പുറകിൽ വന്ന ബസിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

അതേസമയം, മലപ്പുറം ചങ്ങരംകുളത്ത് കാർ അപകടത്തിൽ ഒരാൾ മരിച്ചു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (23) ആണ് മരിച്ചത്. ചിറവല്ലൂരിൽ നിന്നും വന്ന കാർ എതിർദിശയിലൂടെ ചങ്ങരംകുളം ടൗണിൽ നിന്നും വരികയായിരുന്ന കാറിനെ ഇടിച്ചാണ് അപകടമുണ്ടായത്. കാറിനെ ഇടിച്ച ശേഷം തൊട്ടടുത്ത ചപ്പാത്തി കടയിലേക്കും കാർ ഇടിച്ചു കയറി. മരിച്ച ശ്രീരാഗ് ആയിരുന്നു കാർ ഓടിച്ചിരുന്നത്.

അപകടത്തിൽ ശ്രീരാ​ഗിനൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അകലാട് സ്വദേശി വിനീത് (24), ആൽത്തറ സ്വദേശികളായ രാഹുൽ (24), വിവേക് (22), ശ്രീരാഗ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.