തൃശൂർ പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകില്ലേ? തീരുമാനത്തിനായി 17വരെ കാത്തിരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാനാണ് നിർദേശം. കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കണോ എന്ന കാര്യത്തിൽ 17ന് കോടതി തീരുമാനമെടുക്കും.
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്.
തിരുവമ്പാടി
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30നും 11.45നും മദ്ധ്യേയാണ് കൊടിയേറ്റ്. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറും . തുടർന്ന് കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. തുടർന്ന് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കി പൂജ കഴിഞ്ഞ് ആറാട്ട് നടത്തി മടങ്ങും.
പാറമേക്കാവ്
പാറമേക്കാവിൽ ഉച്ചയ്ക്ക് 12നും 12.15നും ഇടയ്ക്കാണ് കൊടിയേറ്റം. പാറമേക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരം ഒരുക്കും. വലിയപാണിക്കുശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടി ഉയർത്തും. പാറമേക്കാവിൽ കൊടിയേറ്റിനുശേഷം എഴുന്നള്ളിപ്പ് ആരംഭിക്കും. മേളത്തോടെ വടക്കുന്നാഥനിലെത്തി ചന്ദ്രപുഷ്‌കർണിയിൽ ആറാടും.