ചൂടത്ത് പശു പാൽ മാത്രമല്ല 2000 രൂപയും തരും, കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കി തുടങ്ങി

Saturday 13 April 2024 1:17 PM IST

തൃശൂർ: കടുത്തചൂടിൽ പാൽ ഉത്പാദനം കുറയുമ്പോൾ കർഷകർക്ക് ആശ്വാസമേകി കേന്ദ്രസർക്കാരിന്റെ 'സരൾകൃഷി ഭീമ' ഇൻഷ്വറൻസ് പദ്ധതി. ചൂട് കൂടുതലുള്ള ദിവസങ്ങളിലെ താപസൂചിക കണക്കാക്കി ഒരു പശുവിന് 200മുതൽ 2,000 രൂപവരെ പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കും. ഒരു പശുവിന് 110 രൂപയാണ് പ്രീമിയം. പകുതി സബ്‌സിഡിയായി മിൽമ നൽകും.

മിൽമ മലബാർ, തിരുവനന്തപുരം യൂണിയനുകൾ പദ്ധതി നടപ്പാക്കിത്തുടങ്ങി. എറണാകുളം യൂണിയൻ നടപ്പാക്കും. സംസ്ഥാനത്ത് ഇതുവരെ 72,000 പശുക്കളെ ഇൻഷ്വർ ചെയ്തിട്ടുണ്ട്. വേനൽക്കാലത്ത് പാലുത്പാദനത്തിൽ 30 ശതമാനം വരെ കുറയാനിടയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം താപനില 2 മുതൽ 4 ഡിഗ്രി വരെ കൂടാം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയ്ക്കും സ്‌ളാബുണ്ട്. തിരുവനന്തപുരത്ത് 31.3 ഡിഗ്രിയാണ് പരിധി. പാലക്കാട്ട് 39.3 ഡിഗ്രി. ഇതിൽ കൂടുമ്പോൾ തുക ലഭിക്കാൻ ഒരു മാസത്തിനുള്ളിൽ തുടർച്ചയായി ഏഴ് ദിവസം താപനില പരിധി കടക്കണം. ഇൻഷ്വറൻസിൽ അഞ്ച് പശുക്കൾക്ക് സബ്‌സിഡി കിട്ടും. ബാക്കിയുള്ളവയ്ക്ക് മുഴുവൻ പ്രീമിയം അടയ്ക്കണം. കാസർകോട് മുതൽ പാലക്കാട് വരെ കഴിഞ്ഞവർഷം 14,338 പശുക്കളെ ഇൻഷ്വർ ചെയ്തതിൽ 2,278 കന്നുകാലികൾക്കാണ് തുക ലഭിച്ചത്. 6 ലക്ഷം പ്രീമിയം അടച്ചതിൽ 29 ലക്ഷം ക്ലെയിം ലഭിച്ചു.

ക്ലെയിം സ്ലാബും തുകയും (ഒരു പശുവിന്)

6 ദിവസവും അതിൽ കൂടുതലും..... 200
9 ദിവസവും അതിൽ കൂടുതലും..... 400
12 ദിവസവും അതിൽ കൂടുതലും..... 1,000
30 ദിവസവും അതിൽ കൂടുതലും..... 2,000

  • രജിസ്റ്റർ ചെയ്ത ക്ഷീരകർഷകർ

3.78 ലക്ഷം

Advertisement
Advertisement