വയനാട്ടിൽ കാർ താഴ്‌ചയിലേയ്ക്ക് മറിഞ്ഞ് അപകടം; അദ്ധ്യാപകന് ദാരുണാന്ത്യം, കുട്ടികളടക്കം ആറുപേർക്ക് പരിക്ക്

Saturday 13 April 2024 5:20 PM IST

മലപ്പുറം: വയനാട് യാത്രപോയ കുടുംബം സഞ്ചരിച്ച കാർ അപകത്തിൽപ്പെട്ട് അദ്ധ്യാപകന് ദാരുണാന്ത്യം. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച് കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.

കാർ ഓടിച്ചിരുന്ന തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കുയ്യം തടത്തിൽ മുഹമ്മദ് മേലേവീട്ടിൽ അലീമ ദമ്പതികളുടെ മകൻ ഗുൽസാർ (44) ആണ് മരണപ്പെട്ടത്. കൊളപ്പുറം സർക്കാർ സ്കൂൾ അദ്ധ്യാപകനാണ്. ഇസ്‌ലാഹീ പ്രഭാഷകൻ, കെ എൻ എം മർകസുദ്ദ അവ തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം, കേരള ജംഇയ്യത്തുൽ ഉലമ അംഗം, ഖുർആൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ, സി ഐ ഇ ആർ ട്രെയ്നർ, തിരൂരങ്ങാടി തറമ്മൽ ജുമാ മസ്ജിദ് ഖതീബ്, ഖുർആൻ ലേണിങ്ങ് സ്കൂൾ ഇൻസ്ട്രക്ടർ, തിരൂരങ്ങാടി ക്രയോൺസ് പ്രീസ്കൂൾ, അൽ ഫുർഖാൻ മദ്റസ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു,

കാറിൽ കൂടെ ഉണ്ടായിരുന്ന ഭാര്യ ജസീല, മക്കളായ നസിൽ മുഹമ്മദ്‌ (17) ലൈഫ ഫാത്തിമ (7) ലഹീൻ (മൂന്ന്). സഹോദരിയുടെ മക്കളായ സിൽജ (12) സിൽത്ത (11 ) എന്നിവർ കോഴിക്കോട്, വയനാട് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാർ അപകടത്തിൽപ്പെടാതെ രക്ഷപെട്ടു. സഹോദരങ്ങൾ: ജാസിർ, ശമീൽ നവാസ്, റുബീന, നദീറ.

Advertisement
Advertisement