പാമ്പുകടിയേറ്റ് രണ്ടാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Sunday 14 April 2024 4:07 AM IST
എലിക്കുളം : വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് രണ്ടാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എലിക്കുളം ഏഴാംമൈൽ വടക്കത്തുശ്ശേരി അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുൺ (7) ആണ് മരിച്ചത്. ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് ഏഴാംമൈലിൽ ഇവർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്തുവച്ചാണ് സംഭവം. ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് അരുൺ ദുബായിലാണ്. സഹോദരങ്ങൾ : അതുൽ (എൽ.കെ.ജി വിദ്യാർത്ഥി), അതുല്യ. സംസ്കാരം ഇന്ന് മൂന്നിന് എലിക്കുളം ആളുറമ്പ് കുന്നത്തുകാട്ടിൽ വീട്ടുവളപ്പിൽ.